🔴 BREAKING..

വൈക്കത്തെ ഉൾനാടൻ ഗ്രാമഭംഗി

വൈക്കത്തെ ഉൾനാടൻ ഗ്രാമഭംഗി

ഉൾനാടൻ ഗ്രാമഭംഗി വിനോദ സഞ്ചാരഭൂപടത്തിൽ എഴുതിച്ചേർത്ത് ക്ഷേത്രനഗരി. തിരുവൈക്കത്തപ്പന്റെ പേരിൽ ലോകമറിഞ്ഞിരുന്ന നാടിന്റെ കാർഷിക മേഖലയായ തലയാഴത്തെ ഉൾനാടൻ ജലാശയങ്ങളും നെൽവയലുകളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ചെറുവള്ളങ്ങളിലും ഹൗസ്ബോട്ടുകളിലും എത്തുന്ന സ്വദേശീയരും വിദേശീയരുമായ സഞ്ചാരികളെ ഏറെ പ്രിയം ഇവിടുത്തെ നിശബ്ദതയാണ്. കരിയാറിലൂടെ പച്ചത്തുരുത്തായ മുണ്ടാറിലേക്കുള്ള ജലയാത്രയിൽ കണ്ണിനുകുളിർമ്മയേകുന്ന അനവധി കാഴ്ചകളാണ് രസം പകരുന്നത്. ചേരക്കോഴി, കുളക്കോഴി, നെയ്ക്കോഴി, താമരക്കോഴി, നീർക്കാക്ക, ഞാറ, കടൽക്കാക്ക, എരണ്ട, കൊക്കുകൾ തുടങ്ങി അനേകം പക്ഷികളാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. തെങ്ങോലകളിൽ കൂട് കൂട്ടിയിരിക്കുന്ന കുരുവികളുടെ വൈദഗ്ദ്യം ഏവരെയും ആകർഷിക്കും. കരിയാറിന്റെ ഇരുകരകളിലുമായി മുണ്ടാർ, കോരിക്കൽ, മാനാപ്പള്ളി, മനക്കേക്കരി, പൊന്നുരുക്കുംപാറ തുടങ്ങിയ പാടശേഖരങ്ങളിലെ കണ്ണെത്താദൂരത്തോളമുള്ള നെൽവയലുകൾ, കപ്പത്തോട്ടങ്ങൾ, പൂത്ത‌തും കായ്ചതുമായ നാട്ടുമാവുകൾ എല്ലാം ചേർന്ന് നൽകുന്ന മനോഹാരിത അപൂർവ്വതയാണ്. നഗരത്തിൽ നിന്നും യാത്രതിരിച്ച് മുണ്ടാറിലെത്തി കപ്പയും മീൻകറിയുമെല്ലാം അടങ്ങുന്ന നാടൻ ഭക്ഷണവും കഴിച്ച് മടങ്ങാം. ചുരുങ്ങിയ ചെലവിലും സമയത്തും എത്തിച്ചേർന്ന് കാഴ്ചകൾ കണ്ട് മടങ്ങാവുന്ന ഇവിടെ ഇപ്പോൾ ഫിഷ്ഫാമുകളും ബോട്ട്സർവ്വീസുകളും ഉണ്ട്. വൈക്കം തോട്ടുവക്കം മുതൽ ചേരുംചുവട് വരെയുള്ള കെ.വി.കനാൽ വൃത്തിയാക്കി സൗന്ദര്യവത്കരിച്ചാൽ കൂടുതൽ പേരെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കാനാകും. അങ്ങനെ വേമ്പനാട്ടുകായലും ഉൾനാടൻ ജലാശയങ്ങളുമായി കൂട്ടിയിണക്കി വിനോദസഞ്ചാരത്തിന്റെ പുത്തൻ മേഖലകളിലേക്ക് കടന്നുചെല്ലാം.