അഷ്ടമി വിളക്ക് പന്തൽ നിർമ്മിക്കും
വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കുട്ടുമേൽ ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും വരവേൽപ്പ് നൽകാൻ വടക്കേനട അഷ്ടമി വിളക്ക് വെയ്പ്പ് കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ച് നില ദീപാലങ്കാര വിളക്ക് പന്തൽ നിർമ്മിക്കും. വടക്കേനട അഷ്ടമി വിളക്ക് വെയ്പ്പ് കമ്മറ്റിയുടെ പതിറ്റാണ്ടുകളായുള്ള ആചാര അനുഷ്ഠാനമാണ് അഷ്ടമി ദിവസം രാത്രി നടക്കുന്ന വരവേൽപ്പ് ചടങ്ങ്.

പന്തൽ നിർമ്മാണത്തിന്റെ ഉദ്ഘാടനം വടക്കേനട ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിജയ ഫാഷൻ ജ്വല്ലറി ഉടമ ജി. വിനോദ് നിർവഹിച്ചു. മേൽശാന്തി ശ്രീകാന്ത് ദാമോദരൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. പന്തൽ വിളക്ക് കമ്മറ്റി പ്രസിഡന്റ് അശോകൻ വെള്ളവേലി, സെക്രട്ടറി സി. ശ്രീഹർഷൻ, ജോയിന്റ് സെക്രട്ടറി കെ.കെ. ജീവരാജ്, ട്രഷറർ ടി.എം. ബിനോയ്, വിനോദ്, അനുരാജ്, പീതാംഭരൻ, കുട്ടപ്പൻ, വിജയൻ, റജി, ബിനു, അജിത് കുമാർ എന്നിവർ പങ്കെടുത്തു.
Comments ()