വെച്ചൂർ ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചു കുരുന്നുകൾ

വൈക്കം: വിജയദശമിയോടനുബന്ധിച്ച് ക്ഷേത്ര സന്നിധികളിൽ കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നു. ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലെ സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് പൂജയെടുപ്പ്, ഗുരു ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവ നടന്നത്. വൈക്കം വെച്ചൂർ ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിൽ പാല അന്തിനാട് വിഷ്ണുവിൻ്റെ കാർമികത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. നവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ സംഗീതാർച്ചന, പ്രസാദ വിതരണം, പ്രസാദ ഊട്ട് തുടങ്ങിയവയും നടന്നു. നവരാത്രി ആഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിൽ പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന നവാഹജ്ഞാനയജ്ഞം രാത്രി എട്ടിന് നടന്ന വടക്കുപുറത്ത് ഗുരുതിയോടെ സമാപിച്ചു. ക്ഷേത്രം മേൽശാന്തി മധുപോറ്റി, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.