ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
വൈക്കം: കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. കുടവെച്ചൂർ ദേവിവിലാസം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും കൂവം അച്ചുതാലത്തിൽ വേണുവിൻ്റെ മകനുമായ അശ്വിൻ (14) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഉല്ലല കാളിശ്വേരം ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അശ്വിൻ നീന്തവേ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. വൈക്കത്തുനിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് കുളത്തിൽ നിന്ന് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം നിലവിൽ വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Comments ()