വിനോദസഞ്ചാരമേഖലയിൽ ടി.വി. പുരത്തിന് അനന്ത സാദ്ധ്യതകൾ

സാദ്ധ്യതകൾ അനന്തം. പക്ഷേ ആ വശത്തേക്ക് പോലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് മാത്രം. വിനോദ സഞ്ചാരമേഖലയിൽ ഒട്ടേറെ വികസന സാദ്ധ്യതകൾ നിലനിൽക്കുമ്പോഴും അവയൊന്നും വിനിയോഗിക്കുപ്പെടാതെ പിന്നോക്കാവസ്ഥയിൽ തന്നെ തുടരുകയാണ് ടി.വി. പുരം.മൂന്നു വശവും വെളളത്താൽ ചുറ്റപ്പെട്ട തിരുമണിവെങ്കിടപുരമെന്ന ടി.വി. പുരത്തിന്റെ പൗരാണികത തൃണയംകുടം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് തുടരുന്നു. കേരളത്തിലെ തന്നെ അപൂർവ്വം ശ്രീരാമസ്വാമി ക്ഷേത്രങ്ങളിൽ പ്രമുഖമാണ് ടി.വി.പുരത്തെ ഈ പുരാതന ക്ഷേത്രം.നൂറ്റാണ്ടുകൾ പുറകോട്ട് ടി.വി.പുരത്തിന്റെ വ്യാപാര, വാണിജ്യ ബന്ധങ്ങളുടെ കഥ പറയുന്നു ടി.വി.പുരം, തൃണയംകുടം ബോട്ട്ജെട്ടികൾ. രണ്ട് ബോട്ട് ജെട്ടികളും പ്രവർത്തനം നിലച്ചിട്ട് കാൽ നൂറ്റാണ്ടിലേറെയായി. പണ്ട് ഇവിടെ നിന്ന് ആലപ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാന്നാനം, എറണാകുളം, തണ്ണീർമുക്കം, വൈക്കം എന്നിവിടങ്ങളിലേക്കെല്ലാം ബോട്ട് സർവ്വീസുകളുണ്ടായിരുന്നു. ലോകപ്രസിദ്ധമായ വൈക്കം കയറും, കക്കയും കൊപ്രയുമെല്ലാം കയറ്റി പോകാൻ നിരവധി കെട്ടുവളളങ്ങൾ നിരയായി കായലരികത്ത് കാത്തുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ടി.വി. പുരത്തിന്. പഴയ പ്രതാപമില്ലെങ്കിലും കയർ, കക്ക വ്യവസായങ്ങൾ ഇപ്പോഴും ഇവിടെ സജീവമാണ്. ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗവും ഇപ്പോഴും ഇതൊക്കെയാണ്. കായലിന്റെ സൗന്ദര്യവും പരമ്പരാഗത വ്യവസായങ്ങളുമെല്ലാം ഉൾപ്പെടുത്തി വിനോദ സഞ്ചാരമേഖലയിൽ പുതിയ കാൽവെയ്പ്പുകൾക്കായി ടി.വി. പുരത്തെ ബോട്ട്ജെട്ടികൾക്ക് പുനർജ്ജനി നൽകണമെന്ന ആവശ്യം നാലുപാടുനിന്നും ഉയരുന്നുണ്ട്.ടി.വി. പുരത്തിന്റെ പൗരാണികതയുടെ മറ്റൊരു നേർക്കാഴ്ചയാണ് കായലിലെ വിളക്കുമാടം. കായലിലെ ഈ 'വിളക്കുമരം' കണ്ണടച്ചിട്ടും പതിറ്റാണ്ടുകളായി. ശ്രീരാമസ്വാമി ക്ഷേത്രത്തിന് പിന്നിലായി വേമ്പനാട്ട് കായലിലെ ഒരു തുരുത്തിലാണ് വിളക്കുമാടമുളളത്. പണ്ട് രാജഭരണകാലത്തെന്നോ കായലിലൂടെയുളള ചരക്ക് ഗതാഗതവും യാത്രകളും സജീവമായിരുന്ന കാലത്ത് ജലയാനങ്ങൾക്ക് വഴികാട്ടാനായി സ്ഥാപിക്കപ്പെട്ടതായിരുന്നു ഇത്. വലിയൊരു വിളക്ക്മരവും താഴെ ഒരു മുറിയുമാണുണ്ടായിരുന്നത്. മുറി ഇപ്പോൾ ജീർണ്ണിച്ച് നശിച്ചു. വിളക്ക് മരം ഇപ്പോഴുമുണ്ട്. ഒന്നര പതിറ്റാണ്ട് മുൻപ് വരെ വിളക്ക്മരത്തിൽ മണ്ണെണ്ണ വിളക്ക് തെളിയിച്ചിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ കൈവശമാണ് ഈ തുരുത്തും വിളക്കുമാടവും ഇപ്പോഴുളളത്. കായൽ നടുവിലെ വൃക്ഷലദാദികൾ നിറഞ്ഞ തുരുത്തും പൗരാണികതയുടെ പ്രതീകമായ വിളക്കുമരവും വിനോദ സഞ്ചാരരംഗത്ത് ശ്രദ്ധയാകർഷിക്കുമെന്നതിനാൽ വിളക്കുമാടത്തിന്റെ പുനരുദ്ധാരണത്തിന് ഏതാനും വർഷം മുൻപ് ടി.വി. പുരത്തെ ചില പൊതു പ്രവർത്തകർ ചേർന്ന് ശ്രമിച്ചിരുന്നു.