വല്ലകം സെന്റ് മേരീസ് പള്ളിയില്‍ കന്യകാമറിയത്തിന്റെ തിരുനാളിന് നാളെ കൊടിയേറും
വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളിന് വ്യാഴാഴ്ച വൈകിട്ട് കൊടിയേറും. വൈകിട്ട് 5 ന് വികാരി ഫാദര്‍ ടോണി കോട്ടയ്ക്കല്‍, ഫാദര്‍ ജോസ് പാറപ്പുറം എന്നിവര്‍ കൊടിയേറ്റിനു മുഖ്യ കാര്‍മ്മികരാകും. കൊടിയേറ്റിനു ശേഷം ആഘോഷമായ ദിവ്യബലി നടക്കും. തുടര്‍ന്ന് വാഹന വെഞ്ചരിപ്പ്, ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം, കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍, സ്‌നേഹ വിരുന്ന് എന്നിവ നടക്കും. വെള്ളിയാഴ്ച ആരാധന ദിനം ആചരിക്കും. രാവിലെ നടക്കുന്ന ദിവ്യബലിയ്ക്ക് ഫാദര്‍ തോമസ് മങ്ങാട്ട് കാര്‍മ്മികനാകും. തുടര്‍ന്ന് കുടുംബ യൂണിറ്റുകളുടെയും, സംഘടനകളുടെയും നേതൃത്വത്തില്‍ ദിവ്യകാരുണ്യ ആരാധന തുടങ്ങും. വൈകിട്ട് 5 ന് നടക്കുന്ന പൊതു ആരാധനയ്ക്ക് ഫാദര്‍ ജോസഫ് ഓണാട്ട് മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് കുര്‍ബാനയുടെ പ്രദക്ഷിണം, ആശീര്‍വാദം എന്നിവയ്ക്ക് ഫൊറോനാ പള്ളി വികാരി ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും. ഫാദര്‍ അബ്രഹാം ഒലിയപ്പുറത്ത് സഹ കാര്‍മ്മികനാകും. 7.30 ന് മെഗാ മ്യൂസിക് നൈറ്റ് നടക്കും. ശനിയാഴ്ച വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ പ്രിന്‍സ് പരത്തനാല്‍ മുഖ്യ കാര്‍മ്മികനാകും. ഫാദര്‍ ഫീലിപ്പോസ് തുണ്ടുവാലിച്ചിറ സഹ കാര്‍മ്മികനാകും. തുടര്‍ന്ന് തെക്കു ഭാഗത്തേയ്ക്ക് പ്രദക്ഷിണം പുറപ്പെടും. പ്രദക്ഷിണത്തിനുശേഷം വെടിക്കെട്ടും നടക്കും. ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ജോസ് തുറവക്കല്‍ മുഖ്യ കാര്‍മ്മികനാകും. ഫാദര്‍ തോമസ് നരിപ്പാറയില്‍ സഹ കാര്‍മ്മികനാകും. തുടര്‍ന്ന് വടക്കു ഭാഗത്തേയ്ക്ക് പ്രദക്ഷിണം പുറപ്പെടും.
Comments ()