അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു
മാഞ്ഞൂർ: കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഓഫീസ്, മാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെയും മാഞ്ഞൂർ ഹോമിയോ ആയുഷ് വെൽനസ് സെന്ററിന്റെയും സഹകരണത്തോടെ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ഖാദി ബോർഡ് അങ്കണവാടിയിൽ ചടങ്ങുകൾ നടന്നു.

മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുനു ജോർജ് സ്വയം യോഗ അഭ്യസിച്ച് കൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. തുടർന്ന് 'യോഗയും ജീവിതവും' എന്ന പ്രധാന വിഷയത്തെ ആസ്പദമാക്കി ഹോമിയോ മെഡിക്കൽ ഓഫീസർ മെറിൻ വർഗീസ് ക്ലാസ് നയിച്ചു.

യോഗാ പരിശീലക അനിതയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ള നിരവധി പേർ യോഗാഭ്യാസത്തിൽ പങ്കുചേർന്നു. മാഞ്ഞൂർ പഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലൂക്കോസ് മാർക്കിൽ, ടോമി കാർകുളം, ലിസി സാജൻ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സരിൻലാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗാ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് ട്രോഫികൾ വിതരണം ചെയ്തു.
Comments ()