അപകട ഭീഷണി ഒഴിവാകുന്നു: മഹാദേവ ക്ഷേത്രത്തിലെ പത്തായപുരയുടെ മേൽക്കൂര നന്നാക്കുന്നു
എസ്. സതീഷ്കുമാർ
വൈക്കം: വഴിയാത്രക്കാർക്ക് അപകട ഭീഷണിയായി ക്ഷേത്രത്തിലെ പത്തായപ്പുരയുടെ തകർന്ന മേൽക്കൂര നന്നാക്കാൻ നടപടിയായി. പടിഞ്ഞാറെ നട തെക്കേനട റോഡിൽ ക്ഷേത്ര ചുറ്റുമതിലിനോട് ചേർന്ന വളവിലാണ് പത്തായപ്പുരയുടെ മേൽക്കൂര തകർന്ന് ഓടുകൾ താഴെ വീഴുന്ന നിലയിൽ അപകട ഭീഷണിയായത്. ഒരുമാസമായി ഇവിടെ അപകടസാധ്യത ഉണ്ടായിട്ടും ഇത് നന്നാക്കാൻ ദേവസ്വം ബോർഡ് നടപടി എടുത്തിരുന്നില്ല. വൈക്കം വാർത്ത ഈ അപകടാവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. തടി കൊണ്ട് തന്നെ മേൽകൂരയുടെ തകർന്ന ഭാഗം നന്നാക്കിയാണ് ഓട് പാകുന്നത്. എന്നാൽ വലിയ കണ്ടെയ്നർ ലോറികളടക്കം കടന്ന് പോകുന്ന ഇവിടെ വാഹനങ്ങൾ തട്ടാതിരിക്കാൻ സംവിധാനം കൂടി സജ്ജീകരിച്ചില്ലെങ്കിൽ വീണ്ടും പഴയ പടിയാകുമെന്നതാണ് സ്ഥിതി. പലപ്പോഴും പത്തായപ്പുര തകർത്ത് വാഹനം കടന്ന് പോയാലും നടപടി ഉണ്ടാകാറില്ല. ഇടിക്കുന്ന വാഹനം കണ്ടെത്താനോ പരാതി കൊടുക്കാനോ ദേവസ്വം തയ്യാറാകാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.