ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക്: പിന്മാറണമെന്ന് കേന്ദ്രം
വൈക്കം: ബാങ്കുകൾ അഞ്ച് ദിവസം അടഞ്ഞ് കിടക്കാൻ സാധ്യത. 28,29,30 തീയതികളിൽ (തിങ്കൾ, ചൊവ്വ, ബുധൻ) ബാങ്ക് ജീവനക്കാരുടെ പണിമുടക്കാണ്.
ബാങ്കുകളുടെ പ്രവൃത്തിദിനം 5 ദിവസമാക്കുക, വിവേചനപരമായ ഇൻസെന്റീവ് സ്കീം പിൻവലിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതോടെ തൊട്ടുമുൻപുള്ള ശനിയും ഞായറുമടക്കം 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കാനാണ് സാധ്യത. സമരത്തിനു മുന്നോടിയായി ഇൻസെന്റീവ് സ്കീം തൽക്കാലം മരവിപ്പിച്ചിരുന്നു. എന്നാൽ പ്രവൃത്തിദിനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

പണിമുടക്കുകളിലൂടെ ഗുണകരമായി ഒന്നും നേടാനില്ലെന്ന് പൊതുമേഖലാ ബാങ്ക് ജീവനക്കാരോട് കേന്ദ്രധനമന്ത്രാലയം അറിയിച്ചു. 28ന് ആരംഭിക്കുന്ന പണിമുടക്കിനു മുന്നോടിയായി ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ അറിയിപ്പ്. ഇന്നലെ പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം ധനമന്ത്രാലയം വിളിച്ചിരുന്നു. ജീവനക്കാർ സമരത്തിൽ പങ്കെടുക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം ബാങ്കുകൾക്ക് നിർദേശം നൽകിയതായാണ് വിവരം.
Comments ()