കിഫ്ബിയില് ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്ട്ട് നിയമസഭയില്; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്ത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നുള്ള സഹായത്തിനുള്ള അര്ഹതാ മാനദണ്ഡമായ കുടുംബ വാര്ഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കി ഉയര്ത്തി. പോര്ട്ടല് മുഖേന ധനസഹായം അനുവദിക്കാനുള്ള പരിധി വര്ധിപ്പിച്ചു; മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപ, റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം, റവന്യൂ വകുപ്പ് സ്പെഷ്യല് സെക്രട്ടറിക്ക് 50,000 ജില്ലാ കളക്ടര്ക്ക് 25,000 അടിയന്തര സാഹചര്യങ്ങളെ നേരിടാന് കളക്ടര്മാക്ക് ഒരു കോടി രൂപ വീതം അണ്ടൈഡ് ഫണ്ട് എന്നിങ്ങനെ അനുവദിക്കാനും തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഡാറ്റ പോളിസി -2026 കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. പൊതുഫണ്ട് ഉപയോഗിച്ച് സര്ക്കാര് വകുപ്പുകള്, ഓഫീസുകള്, ഏജന്സികള്, സര്ക്കാര് സ്ഥാപനങ്ങള് എന്നിവ സൃഷ്ടിക്കുകയോ ശേഖരിക്കുകയോ, സൂക്ഷിക്കുകയോ, പ്രൊസസ് ചെയ്യുകയോ ചെയ്യുന്ന ഡാറ്റയുടെ വര്ഗീകരണം, പങ്കിടല്, ഉത്തരവാദിത്തത്തോട് കൂടിയുള്ള ഉപയോഗം തുടങ്ങിയവയ്ക്കായി സംസ്ഥാനതല ചട്ടക്കൂട് ഉണ്ടാക്കുന്നതിനാണ് കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026 വിഭാവനം ചെയ്തിട്ടുള്ളത്. ഒരു പൊതു ഡേറ്റ എക്സ്ചേഞ്ച് പ്ലാറ്റ് ഫോം വഴി കൃത്യമായ സര്ക്കാര് ഡാറ്റ സുരക്ഷിതമായും നിയന്ത്രിതമായും പങ്കിടുന്നതിനും ഡേറ്റയുടെ ഗുണനിലവാരം, പരസ്പര പ്രവര്ത്തന ക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമാണ് നയത്തിന്റെ ലക്ഷ്യം. സര്ക്കാര് വകുപ്പുകള്ക്കിടയില് ഡേറ്റ (വിവരങ്ങള്) പരസ്പരം പങ്കിടുന്നതിന് സാങ്കേതികമായ ഒരു സംവിധാനം രൂപീകരിക്കേണ്ട ആവശ്യകതയില് നിന്നാണ് സംസ്ഥാന ഡേറ്റ പോളിസി എന്ന നിര്ദേശം ഉയര്ന്നു വന്നത്. കേരള സ്റ്റേറ്റ് ഐടി മിഷനാണ് സ്റ്റേറ്റ് ഡേറ്റ പോളിസി തയാറാക്കിയത്.

റവന്യൂ വകുപ്പില് 15 വര്ഷം രജിസ്ട്രേഷന് കാലാവധി പൂര്ത്തിയാക്കി നിലവില് ഉപയോഗിക്കാന് സാധിക്കാത്തതുമായ 152 വാഹനങ്ങള്ക്ക് പകരം പുതിയ വാഹനങ്ങള് വാങ്ങാന് പണം അനുവദിച്ചു. പശ്ചിമേഷ്യന് യുദ്ധത്തെ തുടര്ന്ന് ബിറ്റുമിന്റെ വിലയിലുണ്ടായ അസാധാരണമായ വര്ധനവിന്റെ പശ്ചാത്തലത്തില്, ആശ്വാസ നടപടിയായി അനുവദിച്ച ബിറ്റുമിന് വില വ്യത്യാസം നല്കുന്നതിനുള്ള ആനുകൂല്യത്തിന്റെ കാലാവധി 30.04.2027 വരെ ദീര്ഘിപ്പിക്കാനും, റോഡ് പ്രവര്ത്തികള് നിര്വഹിക്കുന്ന എല്ലാ എഞ്ചിനിയറിങ് വകുപ്പുകള്ക്കും പൊതുമേഖല സ്ഥാപനങ്ങള്ക്കും ബാധകമാക്കാനും തീരുമാനിച്ചു.
കേരള ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ്റ് ഫണ്ട് ബോര്ഡിന്റെ (കിഫ്ബി) സമഗ്ര അവലോകനത്തിനായിട്ടുള്ള കമ്മിറ്റി റിപ്പോര്ട്ട് നിയമസഭയില് അവതരിപ്പിച്ചു. അതിന്റെ ധനകാര്യ പരിശോധന ഭരണഘടനാ വ്യവസ്ഥകള്, ബാധ്യതകള് എന്നിവയെ സംബന്ധിച്ചുള്ള പ്രധാന കണ്ടെത്തലുകളും ശുപാര്ശകളുമാണ് റിപ്പോര്ട്ടിലുള്ളത്. മുന് പ്ലാനിങ് കമ്മിഷന് മെമ്പര് സെക്രട്ടറി സുധാപിള്ളയായിരുന്നു അധ്യക്ഷ. തരുണ് ബജാജ്, ശ്യാം ശ്രീനിവാസന്, നിലേഷ് വികംസെ, സുബ്ബലക്ഷ്മി നാരായണ് എന്നിവരായിരുന്നു അംഗങ്ങള്. സമിതി മൂന്ന് മാസത്തിനുള്ളില് റിപ്പോര്ട്ട് സമര്പ്പിച്ചു. ഈ റിപ്പോര്ട്ട് കാബിനറ്റ് അംഗീകരിച്ച് നിയമസഭയുടെ മേശപ്പുറത്ത് സമര്പ്പിച്ചു.

ഗുരുതരമായ നിരീക്ഷണങ്ങളാണ് കമ്മിറ്റി നടത്തിയിരിക്കുന്നത്. ഏറ്റവും പ്രധാനം ഭരണഘടനാ വ്യവസ്ഥകളുടെയും റൂള്സ് ഓഫ് ബിസിനസിന്റെയും വ്യതിയാനമാണ്. കിഫ്ബിയുടെ മുന് സി.ഇ.ഒ സര്ക്കാരില് എക്സ് ഒഫീഷ്യോ സെക്രട്ടറിയായി പ്രവര്ത്തിച്ചതിലൂടെ ഇരട്ട പദവിയാണ് വഹിച്ചത്. കണ്സള്ട്ടന്സികള്ക്ക് പണം നല്കിയതിലും ഭൂമി ഏറ്റെടുക്കലിലും വ്യക്തമായ ക്രമക്കേടുകള് നടന്നിട്ടുണ്ട്. സര്ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണം മറികടന്ന് വന് സാമ്പത്തിക ബാധ്യത വരുത്തിവെച്ച് ഒരു സ്വതന്ത്ര സാമ്രാജ്യം പോലെയാണ് കിഫ്ബി പ്രവര്ത്തിച്ചത്.
സര്ക്കാര് നല്കുന്ന പണം വായ്പ തിരിച്ചടവിനാണ് പ്രധാനമായും വിനിയോഗിച്ചത്. 2021-22 മുതല് 2024-25 വരെയുള്ള നാല് വര്ഷങ്ങളില് സര്ക്കാരിന്റെ കണ്സോളിഡേറ്റ് ഫണ്ടില് നിന്ന് കൈമാറിയ 11,869.28 കോടി രൂപയുടെ 99.4 ശതമാനവും (11,944.18 കോടി രൂപ) വായ്പ തിരിച്ചടവിനാണ് വിനിയോഗിച്ചത്. ഇതിലൂടെ മോട്ടോര്വാഹന നികുതിയും പെട്രോള് സെസും വികസന പ്രവര്ത്തനങ്ങള്ക്കല്ല, മറിച്ച് വായ്പാ തിരിച്ചടവിനാണ് ചെലവഴിച്ചതെന്ന് വ്യക്തമാകുന്നു.
കിഫ്ബിയുടെ വായ്പകള് ബജറ്റിന് പുറത്തുള്ളവയാണ് (Off-budget). ഭരണഘടനയുടെ 293-ാം അനുച്ഛേദം മറികടക്കുന്ന ഇവയ്ക്ക് നിയമസഭയുടെ പരിശോധനയില്ല. സി.എ.ജി (CAG) നിരീക്ഷണങ്ങളോട് സമിതി പൂര്ണ്ണമായും യോജിച്ചു. ഈ നിലപാട് പ്രതിപക്ഷവും മുന്പ്് നിയമസഭയില് വ്യക്തമാക്കിയതാണ്. ഇവ ആകസ്മിക ബാധ്യതകള് അല്ലെന്നും കേരള ധന ഉത്തരവാദിത്ത നിയമത്തിലെ (FRBM) വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണ്.

കിഫ്ബിയുടെ വായ്പകള് സംസ്ഥാനത്തിന്റെ വായ്പാ പരിധിയില് ഉള്പ്പെടുത്തിയതോടെ സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെ അത് സാരമായി ബാധിച്ചു. ഇതിലൂടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില് നിന്ന് 25,932.55 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇത് പ്രതിപക്ഷം മുന്പ് ചൂണ്ടിക്കാണിച്ചതാണ്. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി.
വായ്പകള്ക്ക് ഗ്യാരണ്ടി നല്കേണ്ടതില്ലെന്ന് ധനവകുപ്പ് തീരുമാനിച്ചു. 2023 ജൂണ് 6-ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ധനവകുപ്പിന്റെ ആ തീരുമാനം മറികടന്ന് ഗ്യാരണ്ടി നല്കാന് തീരുമാനിച്ചു. ഇത് റൂള്സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. റൂള്സ് ഓഫ് ബിസിനസ് ചട്ടം 10(ii) പ്രകാരം ധനവകുപ്പിന്റെ തീരുമാനം മറികടക്കാന് മന്ത്രിസഭയ്ക്ക് മാത്രമാണ് അധികാരമുള്ളത്. എക്സ് ഒഫീഷ്യോ സെക്രട്ടറി ഇറക്കിയ ഈ ഉത്തരവ് ചട്ടവിരുദ്ധമാണ്. ഉയര്ന്ന പലിശച്ചെലവുകള് കാരണം ഒ.എം.ബി (OMB) വായ്പകളേക്കാള് പ്രതിവര്ഷം 396 കോടി രൂപയുടെ അധിക പലിശയാണ് കിഫ്ബി വരുത്തിവെച്ചത്. മൊത്തത്തിലുള്ള ധനസമാഹരണ മാതൃക വഴി സര്ക്കാരിന് 1,250 കോടി രൂപയുടെ അധികച്ചെലവും മസാല ബോണ്ട് വഴി 181.73 കോടി രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്.
സര്ക്കാര് ഗ്യാരണ്ടി. കിഫ്ബി നിയമത്തിലെ വകുപ്പ് 8(1) പ്രകാരം വായ്പയെടുക്കുന്നതിന് സര്ക്കാരിന്റെ മുന്കൂര് അനുമതി നിര്ബന്ധമായിരുന്നു. എന്നാല് രേഖകളില്നിന്ന് വ്യക്തമാകുന്നിടത്തോളം ഈ വ്യവസ്ഥ കേവലം ഔപചാരിക നടപടിക്രമങ്ങളില് മാത്രമായി ഒതുങ്ങുകയും അതിന്റെ യഥാര്ത്ഥ അന്തഃസത്തയില് പാലിക്കപ്പെടാതെ പോവുകയും ചെയ്തു.
സര്ക്കാരിന്റെ ആകെ ബാധ്യത (കടമെടുപ്പ് നഷ്ടം അടക്കം) 61,678.46 കോടി രൂപയാണ്. പദ്ധതി ചെലവും ഫണ്ട് നീക്കിയിരിപ്പും 48,574.82 കോടി രൂപയായിരിക്കെ, കിഫ്ബി വഴി വന്ന അധികച്ചെലവ് 13,103 കോടി രൂപയാണ്. സര്ക്കാര് നേരിട്ട് നിക്ഷേപിച്ചിരുന്നെങ്കില് കൂടുതല് തുക വികസനത്തിനായി പൂര്ണസുതാര്യതയോടെ ഉപയോഗിക്കാമായിരുന്നു. വരുമാനദായകമെന്ന് വിശേഷിപ്പിച്ച പല പദ്ധതികളും വരുമാനദായകമല്ലെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
ജില്ലാ അടിസ്ഥാനത്തിലുള്ള അസമത്വമാണ് മറ്റൊരു കണ്ടെത്തല്. ആകെ പദ്ധതികളുടെ 41.6 ശതമാനവും വെറും മൂന്ന് ജില്ലകളില് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടു. കൂടാതെ, ഭൂമി ഏറ്റെടുക്കല് ഇനത്തിലുള്ളതിന്റെ പകുതിയിലധികവും (52.9%) കണ്ണൂര് ജില്ലയില് മാത്രമായി നടപ്പിലാക്കി. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല് സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് റിപ്പോര്ട്ടില് പ്രതിപാദിക്കുന്നത്. വ്യവസായ പദ്ധതികള്ക്കായി കണ്ണൂരിലും പാലക്കാടുമായി 5,366 ഏക്കര് ഭൂമി ഏറ്റെടുക്കാന് 12,727 കോടി രൂപ ചെലവഴിച്ചു. ഭൂമി ഏറ്റെടുക്കല് കിന്ഫ്ര വഴിയാണ് നടപ്പിലാക്കിയത്. നിലവില് കണ്ണൂരില് ആയിരം ഏക്കര് 2,489 കോടി രൂപ ചെലവില് ഇതിനോടകം കിന്ഫ്ര വഴി ഏറ്റെടുത്തിട്ടുണ്ട്. 2020 മുതല് ഏറ്റെടുത്ത ഇത്രയും ഭൂമിയില് കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി യാതൊരു വ്യവസായ പ്രവര്ത്തികളും ആരംഭിച്ചിട്ടില്ല. ഈ ഭൂമിക്ക് അഞ്ചിലൊന്ന് വിലപോലും നിലവില് ലഭിക്കില്ല. 3,829 ഏക്കര് ഭൂമി 9,572 കോടി രൂപയ്ക്ക് കണ്ണൂരില് ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷന് പുറപ്പെടുവിച്ചിട്ടുണ്ട്. യാതൊരു വരുമാനവും ലഭിക്കാതെ ഭൂമി വിലയുടെ അഞ്ചിരട്ടി തുകയില് ഏറ്റെടുത്ത നടപടിയില് സമഗ്രമായ പരിശോധന ആവശ്യമാണെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു. വ്യവസായ ആവശ്യങ്ങള്ക്കായി തിരുവനന്തപുരത്തും എറണാകുളത്തും സര്ക്കാരിന് ഭൂമി ആവശ്യമായ സാഹചര്യത്തിലും കണ്ണൂരില് ഏകദേശം നാലായിരത്തോളം ഏക്കര് ഭൂമി ഏറ്റെടുക്കാന് കിഫ്ബി നടത്തിയ ഇടപെടല് ദുരൂഹമാണ്.
കിഫ്ബിക്ക് സംസ്ഥാന സര്ക്കാരിന്റെ സോവറിന് ഗ്യാരണ്ടി നിലനില്ക്കുമ്പോള് തന്നെ കിഫ്ബി 5821 കോടിയോളം രൂപ വിവിധ അക്കൗണ്ടുകളായി നിക്ഷേപിച്ചിട്ടുണ്ട്. (June 2026) ഇതില് വായ്പാ തിരിച്ചടവിനായി 3000 കോടി രൂപ ഉള്പ്പെടുന്നു. സംസ്ഥാന സര്ക്കാരിന്റെ സോവറിന് ഗ്യാരണ്ടി നിലനില്ക്കുമ്പോള് തന്നെ ഇത്രയും തുക കിഫ്ബി നിക്ഷേപിച്ചത് എന്തിനാണെന്ന ചോദ്യവും റിപ്പോര്ട്ട് ഉയര്ത്തുന്നു.
കിഫ്ബിയുടെ പബ്ലിസിറ്റി, പ്രമോഷന് ചെലവുകളില് ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് റിപ്പോര്ട്ട് കണ്ടെത്തിയിട്ടുണ്ട്. 202526 സാമ്പത്തിക വര്ഷം 21.16 കോടി രൂപ അഡ്വര്ടൈസ്മെന്റ് ആന്ഡ് പ്രമോഷനായി കിഫ്ബി കണക്കില് കാണിച്ചപ്പോള് യഥാര്ത്ഥത്തില് ആ വര്ഷം 203.72 കോടി രൂപ ചെലവഴിച്ചുവെന്നാണ് റിപ്പോര്ട്ട് കണ്ടെത്തിയിരിക്കുന്നത്. കണക്കില് കാണിച്ചതിന്റെ പത്തിരട്ടിയാണിത്. കിഫ്ബിയുടെ പദ്ധതികളുടെ ചെലവ് ഇനത്തില് ഉള്പ്പെടുത്തി ഈ അഡ്വര്ടൈസ്മെന്റ് ആന്ഡ് പ്രമോഷന് തുക മറച്ചു വച്ചതായി റിപ്പോര്ട്ട് കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിലും വ്യാപാകമായ ക്രമക്കേടുകള് ഉണ്ടായതായി റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലും പാലക്കാടുമായി കിന്ഫ്ര വഴി ഭൂമി ഏറ്റെടുക്കാന് കിഫ്ബി അംഗീകാരം നല്കിയതില് 5,366 ഏക്കറിന് 12,727 കോടി രൂപയാണ് കിഫ്ബി അനുമതി നല്കിയത്. ഇതില് കണ്ണൂരിലെ 1,000 ഏക്കറില് (2,489 കോടി രൂപ) കഴിഞ്ഞ 5 വര്ഷമായി യാതൊരു വ്യവസായവും തുടങ്ങിയിട്ടില്ലെന്നും, അഞ്ചിലൊന്ന് വിലപോലും ലഭിക്കുന്നില്ലെന്നും കണ്ടെത്തി. കൂടാതെ, 3,829 ഏക്കറിന് (9,572 കോടി രൂപ) ഭൂമിവിലയുടെ അഞ്ചിരട്ടി തുകയില് വീണ്ടും ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷന് ഇറക്കി.
കടം പെരുകുമ്പോഴും അക്കൗണ്ടുകളില് പണം പാര്ക്ക് ചെയ്തതും റിപ്പോര്ട്ടില് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്ക്കാരിന്റെ സോവറിന് ഗ്യാരണ്ടി നിലനില്ക്കെ, വിവിധ അക്കൗണ്ടുകളിലായി 5,821 കോടി രൂപ എന്തിനാണ് പാര്ക്ക് ചെയ്തിരിക്കുന്നതെന്നാണ് കമ്മിറ്റി ചോദിച്ചിരിക്കുന്നത്. ഇതില് വായ്പാ തിരിച്ചടവിനായി മാറ്റിവെച്ച 3,000 കോടി രൂപയും ഉള്പ്പെടുന്നുണ്ട്.
കിഫ്ബി പരസ്യ ചെലവിലെ ദുരൂഹതയാണ് മറ്റൊരു വീഴ്ച. 2025-26 ലെ അഡ്വര്ടൈസ്മെന്റ് ആന്ഡ് പ്രമോഷന് ഇനത്തില് കണക്കില് കാണിച്ചത് 21.16 കോടി രൂപയാണെങ്കിലും യഥാര്ത്ഥത്തില് ചെലവഴിച്ചത് അതിന്റെ പത്തിരട്ടിയോളം വരുന്ന 203.72 കോടി രൂപയാണ്. ഇത് ഓഡിറ്റ് കമ്മിറ്റിയുടെ കണ്ടെത്തലാണ്. പദ്ധതി ചെലവുകളില് ഉള്പ്പെടുത്തി ബാക്കി പരസ്യത്തുക മറച്ചുവച്ചതായി റിപ്പോര്ട്ട് കണ്ടെത്തുന്നു. എത്രമാത്രം വലിയ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്.
കിഫ്ബിയിലെ നിരവധി തീരുമാനങ്ങള് റൂള്സ് ഓഫ് ബിസിനസിന് വിരുദ്ധമാണെന്നും കിഫ്ബി സി.ഇഒയെ എക്സ് ഒഫീഷ്യോ സെക്രട്ടറിയായി നിയമിച്ചതും സംസ്ഥാനത്തെ ധനകാര്യ വകുപ്പിനെ ഇരുട്ടില് നിര്ത്തി നിരവധി തീരുമാനങ്ങള് നടപ്പിലാക്കിയെന്നും റിപ്പോര്ട്ടിലുണ്ട്. കിഫ്ബിയിലെ നിയമനങ്ങള് സംബന്ധിച്ചും റിപ്പോര്ട്ടില് പ്രതിപാദിക്കുന്നുണ്ട്. സംസ്ഥാനത്തെ ധനകാര്യ വകുപ്പിനെ പൂര്ണമായും ഒഴിവാക്കിക്കൊണ്ട് കിഫ്ബിയിലെ നിരവധി സുപ്രധാന തീരുമാനങ്ങള് റൂള്സ് ഓഫ് ബിസിനസിന് വിരുദ്ധമായാണ് നടപ്പിലാക്കിയത്. ഇത് വേറൊരു സാമ്രാജ്യമായി പ്രവര്ത്തിച്ചു. അവര്ക്ക് ഇഷ്ടമുള്ളത് പോലെ തീരുമാനമെടുത്തു. കിഫ്ബി സി.ഇ.ഒയെ എക്സ് ഒഫീഷ്യല് സെക്രട്ടറിയാക്കിയതിലൂടെ സര്ക്കാരിന്റെ പരിശോധനാ സംവിധാനങ്ങള് ദുര്ബലപ്പെടുകയും ചട്ടലംഘനങ്ങള് സാധൂകരിക്കപ്പെടുകയും ചെയ്തു.
അനുമതിയില്ലാത്ത നിയമനങ്ങളും ശമ്പള പരിഷ്കരണവും. സര്ക്കാര് അനുമതി ലഭിച്ച അംഗീകൃത തസ്തികകള് 40 മാത്രമാണെങ്കിലും നിലവില് 498 ജീവനക്കാരാണ് അനുമതിയില്ലാതെ നിയമിക്കപ്പെട്ടിട്ടുള്ളത്. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ജീവനക്കാരുടെ ശമ്പള ഘടന വന്തോതില് പരിഷ്കരിച്ചതായും സമിതി കണ്ടെത്തി.
കിഫബി എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് നടത്തുന്നതിനും അത് ആരംഭിച്ച പദ്ധതികള് പൂര്ത്തിയാക്കുന്നതിനുമായി, ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് ഒഴികെ, വരും വര്ഷങ്ങളില് കേരള സര്ക്കാരിന് 70,415.54 കോടി ആവശ്യമായി വരും. ഈ തിരിച്ചടവ് 2041-42 വരെ തുടരും. ഇത് വരും വര്ഷങ്ങളില് സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. കഴിഞ്ഞ 10 വര്ഷത്തെ കിഫ്ബിയുടെ പ്രവര്ത്തനം സര്ക്കാര് വകുപ്പുകളുടെ ഭരണസംവിധാനത്തെയും ശേഷി വികസനത്തെയും സാരമായി ദുര്ബലപ്പെടുത്തിയിട്ടുണ്ട്.
കമ്മിറ്റിയുടെ ശുപാര്ശകള്
- 2016-17 മുതല് 2025-26 വരെയുള്ള പത്തുവര്ഷങ്ങളില് സിഎജി ഓഡിറ്റ് നടപ്പിലാക്കുക.
- കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില് ഉള്പ്പെട്ട സാഹചര്യത്തില് കിഫ്ബിയുടെ മാര്ക്കറ്റ് ബോറോയിങ്ങ് നടത്താനുള്ള വ്യവസ്ഥ നിര്ത്തലാക്കുക.
- കിഫ്ബിയുടെ വായ്പകള് തിരിച്ചടവിനായി ബജറ്റ് വഴി തുക വകയിരുത്തുക.
4.കിഫ്ബിയുടെ ഉയര്ന്ന പലിശ, വായ്പകള് എന്നിവ കുറഞ്ഞ വായ്പകളിലേക്ക് മാറ്റാന് നടപടികള് സ്വീകരിക്കുക.
5.മോട്ടോര്വെഹിക്കിള് ടാക്സില് നിന്നും സെസ്സില് നിന്നും കിഫ്ബിക്ക് നല്കിവരുന്ന എസ്ക്രോ സംസ്ഥാന കിഫ്ബിയുടെ കടം സര്ക്കാര് ഏറ്റെടുക്കുന്നപക്ഷം നിര്ത്തലാക്കുക.
6.കിഫ്ബിയുടെ നിലവിലെ പദ്ധതികളുടെ പൂര്ത്തീകരണത്തിന് ആവശ്യമായ തുക സംസ്ഥാനത്തെ ബജറ്റില് വകയിരുത്താന് നടപടി സ്വീകരിക്കുക.
7.കിഫ്ബിയുടെ ജീവനക്കാരില് സിഎംഡി വഴി നിയമിച്ചവരെ അവരുടെ കോണ്ട്രാക്ട് അവസാനിക്കുന്നത് വരെ തുടരാന് അനുവദിക്കുക.
8.പ്രൊജക്ട് അപ്രൈസല് വിഭാഗത്തിനെ പ്ലാനിങ്ങ് ബോര്ഡ് പ്രവര്ത്തനങ്ങള്ക്കായി ഉപയോഗപ്പെടുത്തുക.
9.കിഫ്ബിയുടെ സേവന വേതന വ്യവസ്ഥകള് പുനഃക്രമീകരിക്കുക.
10.കിഫ്ബി സിഇഒയുടെ നിയമനാധികാരം എടുത്തുകളയുക.
11.കിഫ്ബിയിലെ ധനകാര്യ വകുപ്പുകള് ഒഴികെയുള്ള മറ്റു വകുപ്പുകളില് ഉള്ളവരെ തിരിച്ച് അതത് വകുപ്പുകളിലേക്ക് തിരിച്ചയക്കുക.
12കിഫ്ബിയുടെ കിഫ്കോണ് സംസ്ഥാന പ്ലാനിങ് ബോര്ഡിന്റെ കീഴില് കൊണ്ടുവരിക.
14.കിഫ്എംഎല് ലെ ഷെയര് ഹോള്ഡിങ് കെഎസ്ഐഡിസി ഏറ്റെടുക്കുക
വായ്പകള് തിരിച്ചടയ്ക്കാനും നിലവിലെ പദ്ധതികള് പൂര്ത്തീകരിക്കാനുമുള്ള തുക സംസ്ഥാന ബജറ്റ് വഴി വകയിരുത്തുകയും, ഉയര്ന്ന പലിശയുള്ള വായ്പകള് കുറഞ്ഞ പലിശയിലേക്ക് മാറ്റാന് നടപടി സ്വീകരിക്കുകയും വേണം.
സിഎംഡി വഴി നിയമിച്ച ജീവനക്കാരെ കരാര് അവസാനിക്കുന്നത് വരെ തുടരാന് അനുവദിക്കണമെന്നും, പ്രൊജക്ട് അപ്രൈസല് വിഭാഗത്തിനെ പ്ലാനിങ് ബോര്ഡ് പ്രവര്ത്തനങ്ങള്ക്കായി ഉപയോഗപ്പെടുത്തണമെന്നും സമിതി നിര്ദ്ദേശിക്കുന്നു. കിഫ്ബിയുടെ സേവന വേതന വ്യവസ്ഥകള് പുനഃക്രമീകരിക്കുകയും, കിഫ്ബി സിഇഒയുടെ നിയമനാധികാരം എടുത്തുകളയുകയും ചെയ്യുക. ധനകാര്യം ഒഴികെയുള്ള മറ്റ് വകുപ്പുകളിലെ ജീവനക്കാരെ മാതൃവകുപ്പുകളിലേക്ക് തിരികെ അയക്കുകയും, കിഷ്കോണ് (KIIFCON) സംസ്ഥാന പ്ലാനിങ് ബോര്ഡിന്റെ കീഴിലാക്കുകയും, കിഫ്എംഎല് (KIFML) ഷെയര്ഹോള്ഡിങ് കെ.എസ്.ഐ.ഡി.സി ഏറ്റെടുക്കുകയും വേണം.
മുന് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്ക്കും എതിരെയുള്ള കേസില് സര്ക്കാര് സംരക്ഷണം നല്കുകയോ വേട്ടയാടുകയോ ചെയ്തിട്ടില്ല. സംസ്ഥാന സര്ക്കാര് എടുത്ത മുന്കൂര് അന്വേഷണം വേണ്ട എഫ്.ഐ.ആര് എടുക്കണമെന്ന് ഹൈക്കോടതി സിംഗിള് ബഞ്ച്് പറഞ്ഞിരുന്നു. കോടതിയുടെ നിര്ദ്ദേശപ്രകാരം സംസ്ഥാന സര്ക്കാര് എഫ്ഐആര് എടുത്തു. ആ നടപടി ഇപ്പോള് കോടതി ശരിവച്ചു. നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകാന് കോടതി പറഞ്ഞു. മുന് മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ കുടുംബാങ്ങള്ക്കും കോടതി സ്റ്റേ കൊടുത്തില്ല. പിണറായി വിജയനെ വേട്ടയാടുന്നു, പ്രതികാരം തീര്ക്കുന്നു എന്നൊക്കെയാണ് പലരും പറഞ്ഞിരുന്നത്. ഈ സര്ക്കാര് അധികാരം ദുരുപയോഗം ചെയ്യില്ല. ഉറപ്പാണത്. ആരോടും രാഷ്ട്രീയ വിരോധം തീര്ക്കാനോ പ്രതികാരം ചെയ്യാനോ അധികാരം ദുര്വിനിയോഗം ചെയ്യില്ല. അധികാരം ജനങ്ങള് തന്നതാണ്. പക്ഷേ നിയമം നിയമത്തിന്റെ വഴിക്ക് പോകും. സര്ക്കാരിനു മുന്നില് ഇഡിയുടെ റിപ്പോര്ട്ട് വന്നു. അപ്പോള്തന്നെ എഫ്.ഐ.ആര് ഇട്ട് കേസ് എടുക്കണോ. അതു ചെയ്തില്ല. ഞങ്ങള് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും അഭിപ്രായം തേടി. അപ്പോള് അവര് പറഞ്ഞു. പിഎംഎല് ആക്ട് സെക്ഷന് 66 (2) പ്രകാരം എഫ്ഐആര് ഇട്ട് കേസ് എടുക്കാം. എന്നാല് സുപ്രീം കോടതിയുടെ തന്നെ വേറൊരു വിധിയുണ്ട് അഴിമതി കേസാണെങ്കില് എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നതിനു മുമ്പ് ഒരു പ്രാഥമിക അന്വേഷണം നടത്തണം എന്ന്. എങ്കില്പിന്നെ പ്രാഥമിക അന്വേഷണം നടത്തിയിട്ട് എഫ്ഐആര് എടുത്താല് മതിയെന്നു തീരുമാനിച്ചു. അങ്ങനെ ചെയ്യാതെ എഫ്ഐആര് ധൃതി വച്ച് എടുത്തിരുന്നെങ്കില് ലളിതകുമാരി കേസിലെ സുപ്രീം കോടതി ഉയര്ത്തിപ്പിടിച്ചുകൊണ്ട് നിങ്ങള് അനാവശ്യമായ ധൃതി കാണിച്ചുവെന്നു പറഞ്ഞേനെ. അതു പറയാനുള്ള അവസരം ഉണ്ടാക്കിയില്ല. കോടതിയില് കേസ് വന്നപ്പോള് ഈ കേസില് പ്രാഥമിക അന്വേഷണം വേണ്ട എഫ്.ഐ.ആര് എടുത്തോയെന്നു പറഞ്ഞു. അതു അനുസരിച്ച് എഫ്.ഐ.ആര് എടുത്തു. സര്ക്കാരിന്റെ നിലപാടാണ് ഹൈക്കോടതിയില് അഡ്വക്കേറ്റ് ജനറല് എടുത്തത്. സര്ക്കാര് പറയാത്ത് ഒരു കാര്യവും അഡ്വക്കേറ്റ് ജനറല് പറഞ്ഞിട്ടില്ല. ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. ആഭ്യന്തരമന്ത്രി, മുതിര്ന്ന മറ്റു മന്ത്രിമാര്,യുഡിഎഫ് നേതാക്കള് എന്നിവരോടെല്ലാം ആലോചിച്ചിട്ടാണ് സര്ക്കാര് എന്തു നടപടിയാണ് കോടതിയില് സ്വീകരിക്കേണ്ടത് എന്നു തീരുമാനിച്ചത്. അനാവശ്യമായ ധൃതി കാണിക്കാതെ, നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ എന്ന നിലപാടെടുത്തു. സര്ക്കാര് എന്തുകൊണ്ടാണ് കേസില് ഈ നിലപാട് എടുത്തതെന്ന് സിംഗിള് ബഞ്ച് ചോദിച്ചപ്പോള് സുപ്രീം കോടതി വിധി അനുസരിച്ചാണ് ഇതു ചെയ്തതെന്നു പറഞ്ഞു. പരാതിക്കാരനെപ്പറ്റി ഞങ്ങള്ക്കുള്ള അഭിപ്രായമാണ് പറഞ്ഞത്. അദ്ദേഹം സര്ക്കാരിനെതിരെയല്ലേ കേസ് കൊടുത്തത്. കേസില് എടുത്ത നിലപാട് എല്ലാവരും ചേര്ന്നെടുത്തതാണെങ്കിലും മുഖ്യമന്ത്രി എന്ന നിലയ്ക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇങ്ങനെയൊക്കെ അല്ലായിരുന്നെങ്കില് നിങ്ങള് മാധ്യമപ്രവര്ത്തകര് തന്നെ ചോദിക്കില്ലേ. രാഷ്ട്രീയ വിരോധം തീര്ക്കാന് ഇഡി പറഞ്ഞപ്പോള് തന്നെ ചാടിക്കേറി കേസ് എടുത്തില്ലേ, ഈ സുപ്രീം കോടതി വിധി കണ്ടില്ലേ എന്നൊക്കെ. കോടതിയിലെ അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങള് ചില മാധ്യമങ്ങല് വളച്ചൊടിക്കുകയാണ്.
നെടുമ്പാശേരി അപകടത്തില് എഫ്.ഐ.ആറില് പ്രതിയുടെ പേരില്ലെന്ന ആരോപണം ചില മാധ്യമങ്ങള് സൃഷ്ടിച്ചതാണ്. ഇന്നലെ ആഭ്യന്തര മന്ത്രി പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്ക്ക് മറുപടിയായി പോലീസ് എടുത്ത നടപടികള് കൃത്യമായി വിശദീകരിച്ചിരുന്നു. പ്രതിയുടെ പേരു വിവരങ്ങള് കിട്ടിയതിന് ശേഷമാണ് എഫ്.ഐ.ആറില് ഉള്പ്പെടുത്തിയത്. ഇത് അന്വേഷണത്തിലെ വീഴ്ചയല്ല, നിയമാനുസൃത നടപടിയാണ്.
18 മുതല് 21 വയസ്സുകാര്ക്ക് റിമാന്ഡ് കാലത്ത് ബോസ്സ്റ്റല് സ്കൂളില് കഴിയാന് ജയില് ചട്ടങ്ങളില് വ്യവസ്ഥയുണ്ട്. കോടതിയുടെ ഉത്തരവുപ്രകാരമാണ് പ്രതികളെ തൃക്കാക്കര ബോര്സ്റ്റല് സ്കൂളിലേക്ക് അയച്ചത്. ഇത് പ്രത്യേക ആനുകൂല്യമല്ല, നിയമപരമായ നടപടിയാണ്. കേസിലെ നടപടികള് തീരുമാനിക്കുന്നത് പ്രതിയോ കുടുംബമോ അല്ല; നിയമവും കോടതിയുമാണ്. സ്വാധീനങ്ങള്ക്കതീതമായി തെളിവുകളുടെ അടിസ്ഥാനത്തില് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന് പോലീസിന് നിര്ദേശം നല്കിയിട്ടുണ്ട്.
Comments ()