വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
വൈക്കം: നഗരത്തിൽ താലൂക്ക് ആശുപത്രിക്ക് എതിർവശം സോഡാ ഗ്യാസും ഓക്സിജൻ സിലിണ്ടറും വിതരണം ചെയ്യുന്ന കടയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് അപകടം. ഒരാൾക്ക് പരിക്ക്.
കടയിലെ ജീവനക്കാരിയായ ലിപ(49)ക്കാണ് പരിക്കേറ്റത്. തലയ്ക്കു മുറിവ് പറ്റിയ ലിപയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല. ആന്തരികമായ പരിക്കുകൾ ഉണ്ടോ എന്ന പരിശോധന നടത്തുകയാണ്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. കടയ്ക്കുള്ളിൽ ഈ സമയം ഉടമയടക്കം മൂന്നുപേരുണ്ടായിരുന്നു.സോഡാ ഗ്യാസിന്റെ ഒരു സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. സമീപം ഉണ്ടായിരുന്ന മറ്റ് കൂറ്റൻ സിലിണ്ടറുകൾ അടക്കം മറിഞ്ഞുവീണ് ലിപ അതിനടിയിൽ പെടുകയായിരുന്നു. പ്രദേശത്തെ ആകെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയിലായിരുന്നു സ്ഫോടനം നടന്നത്. കടയോട് ചേർന്നുള്ള ബേക്കറിയുടെ ഭിത്തികൾക്ക് വിള്ളൽ വീണിട്ടുണ്ട്. സ്ഫോടനത്തിനൊപ്പം കടയ്ക്കുള്ളിൽ പുക നിറഞ്ഞു.

ഏറെ പണിപ്പെട്ടാണ് ഓടിക്കോടിയവർ ലിപയെ ഗ്യാസ് സിലിണ്ടറുകൾക്ക് അടിയിൽ നിന്ന് രക്ഷിച്ചത്. സ്ഫോടന ശബ്ദത്തിൽ കടയിലുണ്ടായിരുന്ന കസേര അടക്കം റോഡിലേക്ക് തെറിച്ചു വീഴുകയും കടയിലെ അലമാരയുടെ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. സ്ഫോടന ശബ്ദത്തിൽ സമീപത്തെ ബേക്കറിയുടെ അടുക്കളയിൽ നിന്നിരുന്ന ചിന്നു എന്ന പെൺകുട്ടിയുടെ കേൾവിക്ക് തകരാർ ഉണ്ടായി. ഇവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഫയർഫോഴ്സ് അടക്കം സ്ഥലത്തെത്തിയിരുന്നു.ഉഗ്രസ്ഫോടന ശബ്ദത്തിൽ നഗരവും അൽപനേരം ഭീതിയിലായി
Comments ()