മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ
വൈക്കം: വേമ്പനാട്ടുകായലിൽ മത്സ്യ സമ്പത്ത് കുറഞ്ഞതോടെ ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കായലിൽ മാലിന്യമടക്കമാണ് പ്രശ്നമെങ്കിൽ പുഴകളിൽ അനധികൃത മത്സ്യ വേട്ട വ്യാപകമാകുകയാണ്. കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ ലഭ്യത തീരെ കുറഞ്ഞതോടെ തൊഴിലാളികൾ പണി ഉപേക്ഷിക്കുകയാണ്. കായലോര നിവാസികളുടെ വരുമാനമാർഗമായ മത്സ്യബന്ധനം, സീസൺ കാലത്തും മത്സ്യലഭ്യതയില്ലാതെ വരുന്ന സ്ഥിതിയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കരിമീനിന്റെ ലഭ്യത കുറഞ്ഞതോടെ വിലയും കൂടിയിട്ടുണ്ട്. പുഴകളിലും സ്ഥിതി വ്യത്യസ്തമല്ല. നീലവാകയടക്കമുള്ള മത്സ്യങ്ങളെ ആയുധങ്ങൾ കൊണ്ട് എയ്ത് പിടിക്കുന്നതടക്കമാണ് വ്യാപകമായി നടക്കുന്നത്. കുഞ്ഞുങ്ങളുമായുള്ള നീലവാക പോലുള്ള മത്സ്യങ്ങളെ ഇങ്ങനെ അനധികൃതമായി വേട്ടയാടുമ്പോൾ കുഞ്ഞുങ്ങൾ മറ്റ് മത്സ്യങ്ങൾക്ക് ഭക്ഷണമാകും. അതോടെ മത്സ്യ ഇനങ്ങൾ പലതും തന്നെ ഇല്ലാതാവുന്ന സ്ഥിതിയാണ് ഉളളത്. പ്രളയകാല ശേഷം ഓരോ വർഷവും മത്സ്യലഭ്യത കുറഞ്ഞുവരുന്നതായി പറയുന്നു.

കായലിൽ എക്കൽ അടിഞ്ഞുകൂടി ആഴം കുറഞ്ഞതും മാലിന്യവും മത്സ്യ ഉത്പാദനത്തിന് പ്രതികൂലമാകുകയാണ്. പോളയുടെ വൻ കൂട്ടങ്ങളും മേഖലക്ക് പ്രതിസന്ധി കൂട്ടി. ഒരു വർഷം, രണ്ട് മാസം പോലും പണിയില്ലത്ത സ്ഥിതിയാണ് മത്സ്യ തൊഴിലാളികൾ നേരിടുന്നത്. കായലിന്റെ അടിത്തട്ടിലെ വെള്ളം കലങ്ങിക്കിടക്കുന്നതും മീൻപിടുത്തത്തെ ബാധിക്കുന്നുണ്ട്. കായലോര മേഖലയിൽ രാത്രികാലങ്ങളിൽ വലയിട്ട് മീൻ പിടിക്കുന്ന നിരവധി തൊഴിലാളികളാണുള്ളത്. ഇവരുടെ പ്രധാന വരുമാനം കരിമീനും കൊഞ്ചുമാണ്. എന്നാൽ കായലിൽ പോള തിങ്ങിനിറഞ്ഞതിനാൽ വലയിടാൻ കഴിയാത്ത അവസ്ഥയാണ്. കായലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനായി ഫിഷറീസ് വകുപ്പ് മുമ്പ് നടപ്പിലാക്കിയിരുന്ന മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയും കാര്യക്ഷമമല്ലെന്നാണ് പരാതി. വർഷങ്ങളായി കരിമീൻ, കൊഞ്ച് തുടങ്ങിയ ഇനങ്ങളുടെ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കുന്നില്ലെന്നാണ് അക്ഷേപം. ഉൾനാടൻ ജലാശയങ്ങളേയും മത്സ്യസമ്പത്തും സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന ആവശ്യം ഈ മേഖലയിൽ ഉയരുകയാണ്.
Comments ()