ബഷീർ അവാർഡ് നോവലിസ്റ്റ് എസ്. ഹരീഷിന് സമ്മാനിച്ചു
വൈക്കം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിൻ്റെ പതിനെട്ടാമത് ബഷീർ അവാർഡ് നോവലിസ്റ്റ് എസ് ഹരീഷിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. ഓടക്കുഴൽ സംഗീതത്തോടെയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ സ്മാര ട്രസ്റ്റിന്റെ ബഷീർ സ്മാരക പുരസ്കാര വിതരണ ചടങ്ങിന് തലയോലപറമ്പിൽ തുടക്കമായത്. മുഹമ്മദ് ബഷീറിൻ്റെ 118-ാം ജന്മദിനത്തിൽ ആയിരുന്നു മൂവാറ്റുപുഴയോരത്തെ ബഷീർ സ്മാരകത്തിൽ സ്മാരക ട്രസ്റ്റിന്റെ പുരസ്കാര ദാനം നടന്നത്. എസ്. ഹരീഷിന്റെ പട്ടുനൂൽ പുഴു എന്ന നോവലിലായിരുന്നു പുരസ്കാരം.
ബഷീർ അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർത്ത മഹാനായ എഴുത്തുകാരനായിരുന്നെന്നും വായന മരിക്കുന്നുവെന്ന ആശങ്കകൾക്കിടയിലും ബഷീറിനെ പോലുള്ള മുൻഗാമികളും എസ്. ഹരീഷിനെ പോലെയുള്ള പുത്തൻ തലമുറയിലെ എഴുത്തുകാരും പ്രതീക്ഷ നൽകുന്നതായും പരന്ന വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വായനയ്ക്ക വിദ്യാർത്ഥികൾക്ക് 10 മാർക്ക് ഗ്രേസ്മാർക്കായി നൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ ചിലവ് വഹിക്കുന്നതിന് ഇടതുപക്ഷസർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അവാർഡ് ദാന ചടങ്ങിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.കെ. ഹരികുമാർ അധ്യക്ഷനായിരുന്നു. പ്രൊഫസർ ആലങ്കോട് ലീലാകൃഷ്ണൻ ബഷീർ സ്മാരക പ്രഭാഷണം നടത്തി. അവാർഡ് ജേതാവ് എസ് ഹരീഷ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ സി.എം. കുസുമൻ, ട്രസ്റ്റ് ഭാരവാഹികളായ ഡോ.വി.കെ. ജോസ്, ടി.എൻ. രമേശൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ആർ. പ്രസന്നൻ എന്നിവർ സംസാരിച്ചു. അവാർഡ് ദാന ചടങ്ങിന് മുന്നോടിയായി ആദിൽ മുഹമ്മദാണ് പുല്ലാംകുഴൽ സംഗീതം അവതരിപ്പിച്ചത്.