ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലെ പാറപ്പൊടി നീക്കം ചെയ്യുന്നു
എസ്. സതീഷ്കുമാർ
വൈക്കം: ആസുത്രണമില്ലാതെ പണം പാഴാക്കി ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിൽ പാറപ്പൊടി ഇട്ട് ഉറപ്പിച്ചത് നീക്കം ചെയ്യുന്നു. ശബരിമല സീസൺ തുടങ്ങുന്നതിന് മുമ്പാണ് ദേവസ്വം ബോർഡ് പാർക്കിംഗ് ഗ്രൗണ്ടിൽ പാറപ്പൊടിയിട്ട് ഉറപ്പിച്ചത്.
എന്നാൽ ആദ്യ മഴയിൽ തന്നെ പാറപ്പൊടി ഒലിച്ചു പോയിരുന്നു. പിന്നീട് വെയിൽ ആയപ്പോൾ പൊടി കൊണ്ടിരിക്കാൻ വയ്യാത്ത അവസ്ഥയുമായി. സമീപത്തെ ദേവസ്വം ശുചിമുറി പൊടികൊണ്ടു മൂടി. വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ പൊടി ശല്യം റോഡിലേക്കും വ്യാപിച്ചതോടെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും ബുദ്ധിമുട്ടിലായിരുന്നു. പരാതി വ്യാപകമായതോടെയാണ് ദേവസ്വം ബോർഡ് പാറപ്പൊടി നീക്കാൻ തുടങ്ങിയത്. ഏതാനും തൊഴിലാളികളെ നിർത്തി ഗ്രൗണ്ടിലെ പാറപ്പൊടി തൂത്തുവാരി നീക്കം ചെയ്യുന്ന പ്രവർത്തിയാണ് നടക്കുന്നത്. യാതൊരു മുൻകാഴ്ചയും ഇല്ലാതെ പണം പാഴാക്കി ദേവസം ബോർഡ് ചെയ്ത പണിയാണ് ഇങ്ങനെ പാഴ്‌വേലയായത്. പാറപൊടി നീക്കി തറയോട് പാകാനുള്ള നീക്കമെന്നാണ് വിവരം. എന്നാൽ ഇനിയെന്ത് പുതിയ ഐഡിയായുമാണ് പണം പഴാക്കാൻ ദേവസ്വം ബോർഡ് രംഗത്തു വരുന്നതെന്ന കൗതുകവുമായി കാത്തിരിക്കുകയാണ് നാട്ടുകാർ.