പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റ്: പദ്ധതികൾ ഏറ്റെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദേശം
കോട്ടയം: പതിനാറാം ധനകാര്യ കമ്മീഷൻ പ്രകാരം ലഭിക്കുന്ന തുക വിനിയോഗിച്ച് നടപ്പാക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതികൾ ഏറ്റെടുത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്ന് അറിയിപ്പ്. കോട്ടയം ജില്ലയ്ക്ക് പതിനാറാം ധനകാര്യ കമ്മീഷൻ പ്രകാരം 113.73 കോടി രൂപയാണ് ലഭിക്കുന്നത്. ഇപ്പോൾ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന 102.80 കോടി രൂപയുടെ പദ്ധതികളാണ് ഏറ്റെടുക്കേണ്ടത്. മാർഗരേഖ ലഭ്യമാകുന്ന മുറയ്ക്ക് മുനിസിപ്പാലിറ്റികൾക്ക് 85.71 കോടി രൂപയുടെ പ്രോജക്ടുകൾ ഏറ്റെടുക്കാൻ കഴിയും. തദ്ദേശഭരണ സ്ഥാപനങ്ങൾ ലഭിക്കുന്ന തുകയുടെ പകുതി തുക ശുചിത്വം, ഖരമാലിന്യ സംസ്കരണം എന്നിവയ്ക്ക് വിനിയോഗിക്കണം. ബാക്കി തുക ഉപാധിരഹിത ഫണ്ടായി ചെലവഴിക്കാം. നിലവിലുളള ജലവിതരണ സംവിധാനങ്ങളുടെ നടത്തിപ്പും പരിപാലനവും, ജലസുരക്ഷ, ജലഗുണനിലവാരം ഉറപ്പാക്കൽ, ഗ്രാമങ്ങളിലെ ജലവിതരണം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് ആസൂത്രണസമിതി അദ്ധ്യക്ഷൻ ജോഷി ഫിലിപ്പ് നിർദേശിച്ചു.

ഉറവിട മാലിന്യ സംസ്കരണം, വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനും സംസ്കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുമുളള സേവനം, സാനിറ്ററി പാഡ് ഇൻസിനറേറ്റർ തുടങ്ങിയ പ്രോജക്ടുകൾ ശുചിത്വ മേഖലയിൽ ഏറ്റെടുക്കാം. ഇവ ഉൾപ്പെടെയുള്ള ഭേദഗതി പ്രോജക്ടുകൾ പരിഗണിക്കുന്നതിനുളള ജില്ലാ ആസൂത്രണ സമിതിയുടെ ആദ്യ യോഗം സെപ്റ്റംബർ 17ന് നടക്കും. എന്നാൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള മീനടം, പാമ്പാടി ഗ്രാമ പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനും നിലവിൽ ഈ നിർദേശം ബാധകമല്ല.
Comments ()