ചിലപ്പതികാരം പാടി നടയടക്കും; കാവിന് കാവൽ ഇനി ഭൂതഗണങ്ങൾ
അമർജ്യോതി
വൈക്കം: ദേവിയുടെ മുന്നിലെ നിലവിളക്കിൽ നിന്ന് നെയ്ത്തിരിയിൽ കൊളുത്തിയ അഗ്നി എരിതേങ്ങയിലേക്ക് പകരുമ്പോൾ തോറ്റംപാട്ടും വിൽപ്പാട്ടും ഉച്ചസ്ഥായിയിലേക്കുയരും. തന്ത്രിമുഖ്യർ ഉരുക്കഴിക്കുന്ന മന്ത്രജപങ്ങൾക്കൊപ്പം സോപാനത്തിൽ ഇടയ്ക്കയുടെ നാദമുണരും. ദേവിയുടെ തിരുനട അത്താഴപൂജക്കായി അടയ്ക്കുകയാണ്.

പറയുടേയും ചേങ്ങിലയുടെയും താളത്തിൽ സന്ധ്യക്കൊട്ട് മുറുകുമ്പോൾ കൊടുംകാളിക്ക് മുന്നിൽ തെക്കുപുറത്ത് ഗുരുതി ആരംഭിക്കയായി. നാടിൻ്റെ സകലദോഷങ്ങളും സ്വയം ഏറ്റുവാങ്ങി പാപപരിഹാരമായി പള്ളിവാൾ ശിരസ്സിലാഞ്ഞുവെട്ടി രക്താഭിഷിക്തനായി ചുറ്റമ്പലത്തിനകത്ത് കടക്കുന്ന വെളിച്ചപ്പാടിന് പിന്നിൽ തെക്കേ വാതിൽ കൊട്ടിയടയ്ക്കും. പിന്നെ കണ്ണകിയുടെ കോപാഗ്നിയിൽ കത്തിയമരുന്ന മധുരാപുരിയെ സങ്കല്പിച്ച് ജ്വലിക്കുന്ന പകയോടെ എരിതേങ്ങയ്ക്ക് വലംവച്ച് വിൽപ്പാട്ട് കേട്ട് ബലിക്കൽപുരയിലെത്തി കലിയടങ്ങുമ്പോൾ കിഴക്കേനടയും അടയും. തുടർന്ന് കളംപാട്ട് നടത്തി തീയാട്ടാരംഭിക്കും. പ്രചണ്ഡമായ പറതാളത്തിൻ്റെ ഉച്ചസ്ഥായിയിൽ ചടുലമായ ചുവടുകളുമായി ഭയാനകമായ വീരഭാവത്തിൽ കൈയ്യിൽ കടുത്തിലയുമായി ഉറഞ്ഞാടുന്ന തീയാട്ടുണ്ണി തിരുനടയെ പ്രകമ്പനം കൊള്ളിക്കും. വെളിച്ചപ്പാടും തീയാട്ടുണ്ണിക്കൊപ്പം ചേരും. പരസ്പരം കൈകൾ കോർത്ത് വടക്കേ നടയിലൂടെ പുറത്തിറങ്ങി തെക്കുവശത്ത് കൊടുംകാളിക്ക് മുന്നിലെത്തി ബലിക്കൽപുരയിലൂടെ പായുന്ന തീയാട്ടുണ്ണി അരി വാരി ശ്രീകോവിലിലേക്ക് എറിഞ്ഞ് തിരുനട വലിച്ചടയ്ക്കും. ഒപ്പംതന്നെ വടക്കേനടയും കൊട്ടിയടയും. ദേവി യാത്രയാവുകയാണ്. ഭക്തജനങ്ങൾ തിങ്ങിനിറഞ്ഞ ക്ഷേത്രപരിസരം നിമിഷങ്ങൾക്കുള്ളിൽ വിജനമാകും. ഭീതിദമായ ഒരു മൂകത ക്ഷേത്രത്തെ വലയം ചെയ്യും. ദേവിയുടെ ഉഗ്രരൂപികളായ ഭൂതഗണങ്ങളുടെ കാവലിലാണ് പിന്നെ ക്ഷേത്രം. ഇത് ചിലപ്പതികാരം പാടുന്ന മൂത്തേടത്തുകാവ്. ഐതീഹ്യങ്ങൾ അഷ്ടബന്ധച്ചാർത്തണിയിക്കുന്ന ദേവീക്ഷേത്രം. പൗരാണികമായി ചിലപ്പതികാരത്തിലെ കണ്ണകിയായും വൈദികപരമായി മഹാദേവൻ്റെ പുത്രീഭാവത്തിലുമാണ് മൂത്തേടത്തുകാവിലെ പ്രതിഷ്ഠാ സങ്കൽപ്പം. കേരളത്തിൽ രണ്ട് കൈകളോടുകൂടിയുള്ള ഭദ്രകാളീരൂപം എഴുതുന്ന ചുരുക്കം ദേവീക്ഷേത്രങ്ങളിലൊന്ന്. ഇടതുകയ്യിൽ നാന്ദകം വാളും വലതുകയ്യിൽ അമൃത് നിറച്ച പാത്രവുമായി കുടികൊള്ളുന്ന ഭദ്രകാളിയാണ് ദേവത. ചിലപ്പതികാരത്തിൽ അധിഷ്ഠിതമാണ് മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ. തിരുവാലൂർ വാഴുന്ന കണ്ണകി തന്റെ പൊൻചിലമ്പ് വിറ്റ് പണം വാങ്ങുവാൻ ഭർത്താവായ കോവിലനെ അയക്കുന്നു. കോവിലൻ ചിലമ്പ് വിൽക്കാൻ ചോഴവൻ തട്ടാനെ സമീപിച്ചു. ഇത്രയും വിലപിടിപ്പുള്ള ചിലമ്പ് വാങ്ങുവാൻ കഴിവുള്ളവർ ആരും ഈ നാട്ടിൽ ഇല്ലെന്നും പാണ്ടിനാട്ടിൽ വന്നാൽ ചിലമ്പ് വിൽക്കാമെന്നും പറഞ്ഞ് തട്ടാൻ കോവിലനെയും കൂട്ടി പാണ്ടിനാട്ടിലെത്തി. കോവിലന്റെ കൈവശമുള്ള ചിലമ്പ് പാണ്ഡ്യരാജനായ നെടുംചേഴിയന്റെ പത്നി പെരുന്തേവിയുടെ നഷ്ടപ്പെട്ട ചിലമ്പാണെന്നും ഇത് മോഷ്ടിച്ചത് കോവിലനാണെന്നും തട്ടാൻ രാജാവിനെ തെറ്റിദ്ധരിപ്പിച്ചു. നെടുംചേഴിയൻ കോവിലനെ വധിക്കാൻ ഉത്തരവിട്ടു. വിവരമറിഞ്ഞ കണ്ണകി ദേവിയുടെ തിരുനടയിൽ കരഞ്ഞു പ്രാർത്ഥിച്ചു. കാവിലമ്മ പ്രത്യക്ഷയായി. തുടർന്ന് ദേവി കണ്ണകിയുടെ ശരീരത്തിൽ പ്രവേശിച്ച് മധുരാപുരിയിലെത്തി അവിടം ചുട്ടുചാമ്പലാക്കിയെന്നാണ് ഐതീഹ്യം. ഇതിന്റെ പ്രതീകമാണ് വിഷുവിൻ നാളിൽ ഭക്തർ സമർപ്പിക്കുന്ന നാളികേരം കത്തിക്കുന്ന എരിതേങ്ങ എന്ന ചടങ്ങ്. വിഷുദിനത്തിൽ അരിയേറിന് ശേഷം നടയടച്ചാൽ പിന്നീട് മധുരാപുരി ചുട്ടെരിച്ച് പക തീർത്ത്, കർക്കടകം ഒന്നിന് കാവിലമ്മയായി കണ്ണകി തിരികെയെത്തുമ്പോഴാണ് മൂത്തേടത്തുകാവിൽ വീണ്ടും നട തുറന്ന് നിത്യപൂജകൾ പുനരാരംഭിക്കുക. മേടം ഒന്നിന് മധുരമീനാക്ഷി ക്ഷേത്രത്തിൽ മൂത്തേടത്തുകാവിലമ്മയുടെ പ്രത്യേക കോവിലായ മലയാളത്തമ്മ ശ്രീകോവിൽ തുറക്കും. മൂത്തേടത്തുകാവിലമ്മ തിരികെ വൈക്കത്ത് എത്തുമ്പോൾ മധുരയിലെ മലയാളത്തമ്മയുടെ ശ്രീകോവിൽ അടയ്ക്കും. വണികവൈശ്യരും ക്ഷേത്രത്തിലെ ഐതീഹ്യ, ആചാരങ്ങളുമായി ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട്. വണികവൈശ്യ കുലത്തിൽ ജനിച്ച ദേവിയെ വിൽപ്പാട്ടോടെ കാവിൽ കുടിയിരുത്തിയെന്നാണ് വിശ്വാസം. വിഷുവിന് മുൻപുള്ള ഭരണി നാളിൽ വണികവൈശ്യ സംഘത്തിന്റ നേതൃത്വത്തിൽ ഊരുചുറ്റ് കുംഭകുടം നടത്തും. തുടർന്ന് വിഷു നാളിൽ വണിക വൈശ്യരുടെ വിൽപ്പാട്ട് കേട്ട് അവരോട് യാത്ര ചോദിച്ചാണ് ദേവി മധുരയിലേക്ക് തിരിക്കുന്നത്. മടങ്ങിയെത്തുമ്പോഴും വിൽപ്പാട്ട് കേട്ടാണ് ശ്രീകോവിലിൽ പ്രവേശിക്കുക. കോവിലൻ വംശപരമ്പരയിൽ പെട്ടവരാണ് വിൽപ്പാട്ട് നടത്തുന്നത്. ചെന്തമിഴിലാണ് പാടുക. ദാരികവധം, കണ്ണകിചരിതം എന്നിവയാണ് കഥാസാരം. ദേവിയുടെ ജനനം, കണ്ണകി കോവിലൻ വിവാഹം, പാണ്ഡ്യരാജാവിന്റെയും ചിലമ്പിന്റെയും വർണ്ണനയും വിൽപ്പാട്ടിലുടെ അവതരിപ്പിക്കും. നാളെ പുലർച്ചെ 4.30 നാണ് വിഷുക്കണി ദർശനം. തുടർന്ന് 8.30 വരെ വിഷു ദർശനം. രാത്രി ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ വച്ച് രണ്ടായി പകുത്ത് എടുത്ത നാളികേരത്തിൽ ദീപം തെളിയിച്ച് ക്ഷേത്ര മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന നാളികേരത്തിലേക്ക് അഗ്‌നി പകരും. ഭക്തർ വഴിപാടായി സമർപ്പിച്ച ആയിരക്കണക്കിന് നാളികേരം അഗ്‌നിയിൽ എരിഞ്ഞ് അമരുന്നത് മധുരാപുരി കത്തിയമരുന്നതിന്റ പ്രതീകമാണെന്നാണ് വിശ്വാസം. ഈ സമയത്ത് നാലമ്പലത്തിലെഴുതിയ കളം തീയാട്ട് ഉണ്ണി മായ്ക്കും. രാത്രി 10 ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ അത്താഴ പൂജയും ഉണ്ടാവും. തെക്കുപുറത്ത് വലിയ ഗുരുതി രാത്രി 11 നാണ്. രണ്ടു ഭാഗത്തായി 64 പോളക്കളം വീതം ഒരുക്കി മേൽശാന്തി ഗുരുതി നടത്തി ചെമ്പ് കമഴ്ത്തി കത്തിയമരുന്ന എരിതേങ്ങക്ക് പ്രദക്ഷിണം ചെയ്ത് തീർത്ഥജലം തളിച്ച് ചടങ്ങ് പൂർത്തിയാക്കും. തുടർന്നാണ് വലിയ തീയാട്ട്. ക്ഷേത്രത്തിൽ നിലവിൽ വെളിച്ചപ്പാട് ഇല്ലാത്തതിനാൽ വെളിച്ചപ്പാടിൻ്റെ ചുമതലകൾ മേൽശാന്തിയാണ് പ്രതീകാത്മകമായി നിർവ്വഹിക്കുക.
Comments ()