ഇപ്പോൾ എൻ.എസ്.എസ് അല്ല എം.എസ്. എസ്: കെ.ബി. ഗണേഷ്കുമാർ
ഇടുക്കി: എൻ.എസ്.എസ് ഇന്ന് മക്കൾ സർവീസ് സൊസൈറ്റി അഥവാ എം.എസ്.എസ് ആയി മാറിയെന്ന് കെ.ബി ഗണേഷ് കുമാർ. എൻ.എസ്.എസിൻ്റെ പേര് എം.എസ്.എസ് അതായത് മക്കൾ സർവ്വീസ് സൊസൈറ്റി എന്നാക്കണമെന്നും ഗണേഷ് കുമാർ.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ആണ് കെ.ബി. ഗണേഷ് കുമാർ ഇന്ന് രംഗത്ത് വന്നത്. സുകുമാരൻ നായരെ ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാനോട് ഉപമിച്ച ഗണേഷ് കുമാർ, നക്കാപ്പിച്ച കണ്ട് നായർ വീഴരുതെന്നും പറഞ്ഞു. വണ്ടൻ മേട് എൻ.എസ്.എസ് യൂണിയൻ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം.

എൻ.എസ്.എസ് നിലനിൽക്കുന്നത് സുകുമാരൻ നായരുടെ മക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതിനാൽ എൻ.എസ്.എസിൻ്റെ പേര് എം.എസ്.എസ് എന്നാക്കണമെന്ന പരിഹാസവും ഗണേഷ് കുമാർ നടത്തി. സുകുമാരൻ നായരുടെ മകൾക്ക് എൻ.എസ്.എസിന് കീഴിലുള്ള കോളജുകളുടെ ചുമതല നൽകിയിരിക്കുകയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. പ്രൊഫസറാകാനുള്ള യോഗ്യത പോലുമില്ലാത്ത വ്യക്തിയാണ് എൻ.എസ്.എസ് കോളജുകൾ നിയന്ത്രിക്കുന്നതെന്നായിരുന്നു ഈ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരണം അദ്ദേഹം നൽകിയില്ല. അടുത്തിടെ എൻ.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസമന്ത്രി മന്ത്രി എൻ. ഷംസുദ്ദീൻ എത്തിയപ്പോൾ സുകുമാരൻ നായർ പൊന്നാടയണിച്ച് സ്വീകരിച്ചതിനെയും ഗണേഷ് കുമാർ വിമർശിച്ചു. ചെറുമകൻ്റെ സർക്കാർ സർവീസിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള വ്യക്തിപരമായ താൽപര്യത്തിന്റെ ഭാഗമായിരുന്നു സ്വീകരണമെന്നായിരുന്നു ആരോപണം. സുകുമാരൻ നായരുടെ മുസ്ലിം സമുദായത്തോടുള്ള നിലപാടുകളെയും ഗണേഷ് കുമാർ വിമർശിച്ചു. ചങ്ങനാശ്ശേരിയിലെ ചന്ദനക്കുടം നിർത്താൻ സുകുമാരൻ നായർ ഇടപെട്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അതേസമയം, മുസ്ലിം സമുദായത്തോട് തനിക്ക് സ്നേഹമുണ്ടെന്നാണ് സുകുമാരൻ നായർ പറയുന്നതെന്നും ഗണേഷ് കുമാർ പരിഹസിച്ചു. ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം പിൻവലിക്കാൻ കരയോഗങ്ങൾക്ക് സുകുമാരൻ നായർ നിർദേശം നൽകിയെന്ന ആരോപണവും ഗണേഷ് കുമാർ ഉന്നയിച്ചു. ബന്ധുവിനെ ബാങ്കിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നിലപാട് സുകുമാരൻ നായർ സ്വീകരിച്ചത് എന്നായിരുന്നു ആരോപണം. മാതാ അമൃതാനന്ദമയിയെ ജാതീയമായി അധിക്ഷേപിച്ചയാളാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ പറഞ്ഞു. അതേസമയം, അമൃതാനന്ദമയിയുടെ കീഴിലുള്ള എൻജിനീയറിങ് കോളജിലാണ് സുകുമാരൻ നായരുടെ ചെറുമകൻ പഠിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുകുമാരൻ നായർ 'സോ ചീപ്പ്' എന്നും ഗണേഷ് കുമാർ പറഞ്ഞു. എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽനിന്ന് രക്ഷിക്കണം. നക്കാപ്പിച്ച കണ്ട് നായർ വീഴരുത് ഗണേഷ് കുമാർ പറഞ്ഞു. ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയനും പത്തനാപുരം എൻ.എസ്.എസ് യൂണിയനും രാത്രിയുടെ മറവിൽ പിരിച്ചുവിട്ടതിന്റെ കാരണം സമുദായ നേതൃത്വം വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
Comments ()