വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി
വൈക്കം: സെൻസസ് 2027 ൻ്റെ ഭാഗമായി സെൽഫ് എന്യുമറേഷൻ നടത്തുന്നതിൻ്റെ വൈക്കം നഗരസഭയിലെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗായകൻ വി. ദേവാനന്ദ് ആണ് സെൽഫ് എന്യൂമറേഷൻ നടത്തി ഔദ്യോഗികമായി തുടക്കം കുറിച്ചത്. നഗരസഭ അദ്ധ്യക്ഷൻ അബ്ദുൾ സലാം റാവുത്തറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ദേവാനന്ദിൻ്റെ വീട്ടിലെത്തിയാണ് സെൻസസ് പ്രവർത്തനത്തിന് ഔദ്യോഗികമായി തുടക്കമിട്ടത്. സ്മാർട്ട് ഫോൺ വഴിയൊ കമ്പ്യൂട്ടർ വഴിയോ നിശ്ചിത വെബ് സൈറ്റ് വഴി എല്ലാവർക്കും സ്വയം വിവരങ്ങൾ രേഖപ്പെടുത്താനാകും. ജൂൺ 30 വരെയാണ് ഇതിനുള്ള സമയം നൽകിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ എന്യുമറേറ്റർമാർ വീടുകളിലെത്തി കൃത്യത വരുത്തിയാണ് വിവരശേഖരണം പൂർത്തിയാക്കുന്നത്. സ്വയം വിവരങ്ങൾ രേഖപ്പെടുത്തത് പൂർത്തിയാകുമ്പോൾ ലഭിക്കുന്ന സെൽഫ് എന്യുമറേഷൻ ഐ.ഡി. നമ്പർ പിന്നീട് വരുന്ന എന്യുമറേറ്റർമാർക്ക് നൽകണം.
വീട്ടിൽ ആളില്ലെങ്കിലും ഈ നമ്പർ നൽകിയാൽ എന്യു മിനറ്റേർമാർക്ക് നടപടികൾ പൂർത്തിയാകാനാകും. രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് 2027 ൻ്റെ ആദ്യ ഘട്ട പ്രവർത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നത്. 2027 ഫെബ്രുവരിയിലാണ് ജനസംഖ്യ രേഖപ്പെടുത്തുന്ന രണ്ടാം ഘട്ട സെൻസസ് പ്രവർത്തനങ്ങൾ തുടങ്ങുന്നത്. നഗരസഭ തല സെൻസസ് പ്രവർത്തനങ്ങൾ തുടക്കമിട്ട ചടങ്ങിൽ നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ഉപാദ്ധ്യക്ഷ സൗദാമിനി അഭിലാഷ് നഗരസഭ അംഗങ്ങളായ അനീഷ്, വി. അനൂപ്, നഗരസഭ സെക്രട്ടറി ആർ. രഞ്ജിത് നായർ, സെൻസസ് ഡയറക്റേറ്റ് ഉദ്യോഗസ്ഥനായ സി.ടി. സാജു എന്നിവരും മറ്റ് നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments ()