സി.പി.ഐ വിടുന്നെന്ന് മുൻ മണ്ഡലം കമ്മറ്റിയംഗം: പണ്ടേ പുറത്താക്കിയതാണെന്ന് പാർട്ടി
വൈക്കം: വൈക്കത്ത് സി.പി.ഐ മുൻ മണ്ഡലം കമ്മറ്റിയംഗം പാർട്ടി വിടുന്നു. നേരത്തേ തന്നെ പുറത്താക്കിയതെന്ന് പാർട്ടി. പാർട്ടി മണ്ഡലം കമ്മറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന പി.ആർ. രജനിയാണ് താനും തലയാഴത്തെ മറ്റ് ചില പ്രവർത്തകരും പാർട്ടി വിടുന്നതായി സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. വൈക്കത്തെ പാർട്ടി ചില മാഫിയകളുടെ നിയന്ത്രണത്തിലാണെന്നും സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് പാർട്ടി നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് രജനിയുടെ ആരോപണം. പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ നേതൃത്വത്തിൻ്റെ സ്ഥാപിത താത്പര്യങ്ങളും സ്വജനപക്ഷപാതവും മുൻനിർത്തി വഴിവിട്ട നിയമനങ്ങൾ നടത്തുന്നു. പാർട്ടിയുടെ നയങ്ങളും ഉയർന്ന ഘടകങ്ങളുടെ തീരുമാനങ്ങളുമെല്ലാം ഇവിടെ അടിമറിക്കപ്പെടുകയാണെന്നും ഇതെല്ലാം ചോദ്യം ചെയ്യുന്നതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കും മുൻപേ പടിയിറങ്ങുകയാണെന്നും പി.ആർ. രജനി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. പി.ആർ. രജനിയെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരത്തേ തന്നെ പുറത്താക്കിയിരുന്നതാണെന്നും വൈക്കത്തെ പാർട്ടിയിൽ യാതൊരു അസ്വാരസ്യങ്ങളുമില്ലെന്നും ആരും പാർട്ടി വിട്ട് പോകുന്നില്ലെന്നും വൈക്കത്തെ പാർട്ടി ഒറ്റക്കെട്ടാണെന്നും മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് പി.ആർ. രജനി സി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ വിമതയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പാർട്ടി നേതൃത്വം ആദ്യഘട്ടത്തിൽ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.