ഡി.ബി കോളജ് അക്രമം: ശക്തമായ നടപടി വേണമെന്ന് കെ. ബിനിമോൻ എം.എൽ.എ
തലയോലപറമ്പ്: ഡി.ബി കോളജിൽ ഇന്നലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥനും വിദ്യാർത്ഥികൾക്കും പരുക്കേറ്റതിൽ ശക്തമായ നടപടി വേണമെന്ന് എം.എൽ.എ കെ. ബിനിമോൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇന്നലെയാണ് കെ.എസ്.യുവിൻ്റെ യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് കോളജിൽ മുൻമ്പിൽ കൊടിമരം സ്ഥാപിക്കുന്നതിനിടെ, എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. കെ.എസ്.യു കൊടിമരം സ്ഥാപിക്കുന്നതിനിടെ മദ്രാവാക്യം വിളിച്ചപ്പോൾ എസ്.എഫ്.ഐ അവരുടെ മുദ്രാവാക്യം മുഴക്കി കൂകിവിളിച്ചു. തുടർന്ന് കോളജ് വളപ്പിൽ നിന്നു ചെടിച്ചട്ടികൾ എറിഞ്ഞ ശേഷം കെ.എസ്.യുവിന്റെ പതാക കീറി കൊടിമരം മാറ്റാൻ ശ്രമിച്ചു. ഇതാണ് വാക്കേറ്റവും സംഘർഷത്തിനും കാരണമെന്നാണ് പരാതി. കെ.എസ്.യു യൂണിറ്റ് ഭാരവാഹികളായ ഷാരോൺ, സാന്ദ്ര, അന്ന, കല്യാണി എന്നിവരും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളായ അനഘ തമ്പാൻ, എസ്. വന്ദന എന്നിവരുമാണ് ചികിത്സ തേടിയത്.

സംഘർഷത്തിനിടെയാണ് തലയോലപ്പറമ്പ് എസ്.ഐ ദിലീപ് കുമാറിൻ്റെ കൈക്കും തോളിനും പരുക്കേറ്റത്. ഇന്നലെ രാവിലെ നടന്ന സംഘർഷത്തിന് ശേഷം വൈകിട്ടും പ്രകടനവും പ്രതിഷേധവും നടന്നിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് എം.എൽ.എ കെ. ബിനിമോൻ ഇന്നലെ പരിക്കേറ്റ കെ.എസ്.യു വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മുൻ കോളജ് അദ്ധ്യാപകനും സി.പി.എം ഭാരവാഹിയുമായ വൃക്തിക്കെതിരെയും ഗുരുതര ആരോപണമാണ് അക്രമത്തിനിരയായ കെ.എസ്.യു വിദ്യാർത്ഥി ഉന്നയിച്ചത്. ഡി.ബി കോളിൽ മറ്റ് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനത്തിനെതിരെ ഏറെക്കാലമായി ശക്തമായ പ്രതിരോധവും അക്രമവും എസ്.എഫ്.ഐ നടത്തുന്നുവെന്നാണ് പരാതി ഉയരുന്നത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവർത്തകരും ഇന്നലെ വൈകിട്ട് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
Comments ()