കേരള നിയമസഭയിൽ മൂന്ന് എം.എൽ.എ മാരുമായി വൈക്കം
വൈക്കം: സംസ്ഥാന നിയമസഭയിൽ മൂന്ന് എം.എൽ.എമാരുടെ തിളക്കത്തിൽ വൈക്കം. ചുവപ്പ് കോട്ടയായ വൈക്കം പിടിച്ചെടുത്ത് താരപരിവേഷത്തിൽ നിൽക്കുന്ന കെ. ബിനിമോനെ കൂടാതെ പാലക്കാട് നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച വെള്ളിത്തിരയിലെ താരം രമേഷ് പിഷാരടിയും ഇരിങ്ങാലക്കുടയിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച കേരളാ കോൺഗ്രസിലെ അഡ്വ. തോമസ് ഉണ്ണിയാടനുമാണ് ഇക്കുറി നിയമസഭയിലെത്തുന്ന വൈക്കത്തുകാർ. 2001ൽ വൈക്കത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട പി. നാരായണനും ഇരിങ്ങാലക്കുടയിൽ നിന്ന് തോമസ് ഉണ്ണിയാടനും നാദാപുരത്തുനിന്ന് ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും വൈക്കംകാരനുമായ ബിനോയ് വിശ്വവും നിയമസഭയിലെത്തിയിരുന്നു. കെ. ബിനിമോൻ വൈക്കം തലയാഴം സ്വദേശിയാണ്. രമേഷ് പിഷാരടി വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന മുളക്കുളത്തുകാരനാണ്. 1996ൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിയായി ഇരിങ്ങാലക്കുടയിൽ നിന്ന് മത്സരിച്ച് വിജയിച്ചപ്പോൾ മുതൽ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിലാണ് സ്ഥിരതാമസം. 2001ലും 2006ലും 2011ലും തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Comments ()