|
Loading Weather...
Follow Us:
BREAKING

വൈക്കം കായലോര ബീച്ചിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും

വൈക്കം കായലോര ബീച്ചിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും

വൈക്കം: പുതിയ ഭരണസമിതിയുടെ ആദ്യയോഗം ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ അധ്യക്ഷതയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനുമുമ്പ് അടിയന്തിരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി സർക്കാർ നിർദ്ദേശിച്ച രീതിയിൽ കഴിഞ്ഞ ഒമ്പതാം തീയതി ചെയർമാൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നു. ഈ തീരുമാനങ്ങളാണ് അജൻഡയായി ആദ്യ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തത്. ചില പ്രധാന കേന്ദ്രങ്ങളിലെ വഴിയോര കച്ചവടക്കാരെ അടിയന്തിരമായി ഒഴിപ്പിക്കാൻ തീരുമാനമായി. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും നിർദ്ദേശിച്ച വൈക്കം കായലോര ബീച്ചിലെ പെട്ടിക്കടകൾ എടുത്തു മാറ്റി ബീച്ച് മനോഹരമാക്കാൻ തീരുമാനമായി.  ദിവസം തോറും കടകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും അതിനാൽ അടിയന്തിരമായി മുഴുവൻ അനധികൃത കച്ചവടക്കാരേയും ഒഴിപ്പിക്കുന്നതിനും ബീച്ച് വൃത്തിയാക്കുന്നതിിനും തീരുമാനിച്ചു. നഗരത്തിലെ മറ്റ് അനധികൃത വഴിയോരക്കച്ചവടക്കാരുടെ കാര്യത്തിൽ ട്രേഡ് യൂണിയനുകളുടേയും വ്യാപാരി വ്യവസായികളുടേയും യോഗം വിളിച്ചു ചേർത്ത് തീരുമാനിക്കും. അനധികൃത കച്ചവടക്കാർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ കൗൺസിൽ അംഗങ്ങളെ അറിയിച്ചു. ബീച്ച് നവീകരണം നടത്തുന്നതിന് ഉടൻ പദ്ധതി നടപ്പാക്കാൻ നഗരസഭയ്ക്ക് കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. രണ്ടു മാസത്തിനകം നിയമസഭാ പെരുമാറ്റച്ചട്ടം നിലവിൽ വരും. അതിനാൽ എത്രയും വേഗം പദ്ധതികൾ പൂർത്തിയാക്കണമെന്ന് കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗം നിർദ്ദേശിച്ചു. അടിയന്തിരമായി ബീച്ച് വൃത്തിയാക്കാൻ നിലവിലെ സാഹചര്യത്തിൽ ഒരു ദിവസം നിശ്ചയിച്ച് മുഴുവൻ കൗൺസിലർമാരും സന്നദ്ധ സംഘടനാ പ്രവർത്തകരും പൊതു ജനങ്ങളും, കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കർമ്മസേന പ്രവർത്തകരും ചേർന്ന് കൂട്ടായി ബീച്ച് വൃത്തിയാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും. നഗരസഭാ പാർക്കിലും ബസ് ബേകളിലും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ചെയർമാൻ അറിയിച്ചു. നേരത്തെ ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി 18 തീരുമാനങ്ങളാണ് എടുത്തിരുന്നത്. ഇക്കാര്യങ്ങളാണ് അജൻഡയായി കൗൺസിലിൽ വെച്ചത്. കാര്യങ്ങൾ അറിയാതെ ചില ബി.ജെ.പി അംഗങ്ങൾ  അജൻഡ നിശ്ചയിച്ചതിലെ അപാകതകളുടെ പേരിൽ അഴിമതി ആരോപണങ്ങൾ നടത്തിയെങ്കിലും യോഗത്തിൽ ചർച്ചയായില്ല. നഗരസഭയിലെ 27 വാർഡുകളിലേയും വഴിവിളക്കുകൾ തെളിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പുതിയ കൗൺസിൽ അധികാരമേറ്റയുടൻ ബസ് ബേയിലും ബീച്ചിലും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് ചെയർ അറിയിച്ചു. തുടർന്ന് ബർബുകൾ സമയാ സമയങ്ങളിൽ മാറ്റിയിടുന്നതിന് ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും ഇതിൻ്റെ പേരിൽ അംഗങ്ങൾക്ക് ഉണ്ടാകുന്ന ചിലവുകൾ നിയന്ത്രിക്കണമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു.