അഷ്ടമി കമ്മറ്റി രൂപീകരണം; നഗര സഭയിൽ ഭരണ, പ്രതിപക്ഷ പോര്
വൈക്കം: അഷ്ടമി കമ്മറ്റി രൂപീകരണം സംബന്ധിച്ച് നഗരസഭ കൗൺസിലിൽ ഭരണ പ്രതിപക്ഷ കൗൺസിലന്മാർ തമ്മിൽ രൂക്ഷമായ വാക്കേറ്റം. നഗരസഭയുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് തെരുവ് കച്ചവടക്കാർക്ക് കടകൾ ലേലം ചെയ്ത് കൊടുക്കുന്നത്. അതിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി അഷ്ടമി കമ്മറ്റി എല്ലാ വർഷങ്ങളിലും രൂപീകരിക്കാറുണ്ട്. ഈ വിഷയം നഗരസഭ കൗൺസിലിൽ ചർച്ചയ്ക്ക് വന്നപ്പോൾ പ്രതിപക്ഷത്തുള്ള എൽ.ഡി.എഫ് ബി.ജെ.പി പ്രതിപക്ഷ കൗൺസിലർമാർ ഒരുമിച്ച് അഷ്ടമി കമ്മറ്റി ചെയർമാൻ സ്ഥാനം റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെയൊരു കീഴ് വഴക്കം ഇല്ലെന്നും എല്ലാ പാർട്ടികളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള കമ്മറ്റിയാണ് മുൻകാലങ്ങളിൽ രൂപീകരിക്കാറുള്ളത് എന്നും അതിന്റെ ചെയർമാൻ സ്ഥാനം ഭരണകക്ഷിയിൽപ്പെട്ട ഒരു കൗൺസിലർക്കാണ് നൽകാറുള്ളത് എന്നും ചെയർമാൻ കൗൺസിലിനെ അറിയിച്ചു. ചെയർമാന്റെ ഈ തീരുമാനം വോട്ടെടുപ്പിന് ഇടണമെന്ന് ബി.ജെ.പിയും ഇടതുപക്ഷവും ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗൺസിലർമാരുടെ ബഹളത്തെ തുടർന്ന് ഈ അജണ്ട അടുത്ത കൗൺസിലിലേക്ക് മാറ്റിവയ്ക്കുന്നതായി ചെയർമാൻ കൗൺസിലിനെ അറിയിച്ചുകൊണ്ട് കൗൺസിൽ പിരിച്ചു വിട്ടു. പിന്നീട് ചെയർമാന്റെ ചേമ്പറിൽ നിന്നും പുറത്തേക്ക് പോയ ചെയർമാനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുനിർത്തി തങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ട് ചേമ്പറിൽ നിന്ന് പുറത്തേക്ക് പോയാൽ മതിയെന്ന് പറഞ്ഞത് വീണ്ടും രൂക്ഷമായ വാക്കുതർക്കത്തിനിടയാക്കി. അഷ്ടമി കമ്മറ്റി രൂപീകരണം പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണെങ്കിൽ ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലേലം നടത്തുമെന്നും നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന മുഖ്യ വരുമാനത്തെ തടസ്സപ്പെടുത്തുന്നതിനുള്ള ഇടതുപക്ഷ ബി.ജെ.പി പ്രതിപക്ഷ നീക്കം അനുവദിക്കില്ലെന്നും ചെയർമാൻ കെ.ജി. അബ്ദു സലാം റാവുത്തർ പറഞ്ഞു.

മുനിസിപ്പൽ ചെയർമാന്റെ നടപടികൾ ഏകാധിപത്യപരമെന്ന് എൽ.ഡി.എഫ്
അഷ്ടമി കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് അജണ്ട എടുത്തപ്പോൾ തന്നെ ഞങ്ങൾ ഭരണകക്ഷിയായതു കൊണ്ട് കൂടുതൽ അംഗങ്ങൾ വേണം തുടങ്ങിയ അവകാശവാദങ്ങൾ ആദ്യം തന്നെ ചെയർമാൻ മുന്നോട്ട് വയ്ക്കുകയായിരുന്നെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ഇപ്പോഴത്തെ ഭരണകക്ഷി ന്യൂനപക്ഷമാണെന്നും 14 അംഗങ്ങൾ പ്രതിപക്ഷത്താണെന്നും അതിനാൽ ജനാധിപത്യപരമായി എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി കക്ഷി പരിഗണനകൾക്ക് അതീതമായ കമ്മറ്റി രൂപീകരിക്കണമെന്നും എൽ.ഡി.എഫ് നിലപാടെടുത്തു. ഇതിനെ ബി.ജെ.പിയും സ്വതന്ത്ര അഗങ്ങളും പിന്തുണച്ചതോടെ ചെയർമാൻ സഭ പിരിച്ചുവിടുകയാണുണ്ടായത്. തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ ചെയർമാന്റെ ചേമ്പറിലെത്തി ഇന്നലെ സഭയിൽ ഉന്നയിക്കാൻ ഉദ്ദേശിച്ച വിഷയങ്ങളായ തെരുവുനായ ശല്യം, തെരുവുവിളക്കുകൾ കത്താത്തത്, എച്ച്.എം.സി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഉടനെ ചില ഭരണകക്ഷി കൗൺസിലമാർ ചെയർമാന്റെ ചേമ്പറിലെത്തി എൽ.ഡി.എഫ് അംഗങ്ങളെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായും, മുനിസിപ്പൽ പാർലമെന്ററി പാർട്ടി നഗരസഭ ചെയർമാൻ്റെയടക്കം ജനാധിപത്യ വിരുദ്ധ നടപടിയിൻ പ്രതിഷേധിക്കുന്നതായും സി.പി.ഐ പാർലമെൻ്ററി പാർട്ടി നേതാവ് ഡി. രഞ്ജിത്ത് കുമാർ പറഞ്ഞു.
Comments ()