കൊതുകുകളുമായി യുദ്ധം പ്രഖ്യാപിച്ച് നഗരസഭയും റോട്ടറി ക്ലബ്ബും
വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം തൃപ്പൂണിത്തുറ എൻ.എം റോയൽ കൗണ്ടിയിൽ നടന്നു. റൊട്ടേറിയൻ കെ.എസ്. വിനോദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. അനൂപ്കുമാർ ആർ. പ്രസിഡൻ്റും ഡോ. ജി. മനോജ് സെക്രട്ടറിയും എൻ. ഹരികൃഷ്ണൻ ട്രഷററായും ചുമതലയേറ്റു.

ഡോ. സുമിത്രൻ മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ് വൈക്കം നഗരസഭയുമായി ചേർന്ന് നടത്തുന്ന മിഷൻ മോസ്കിറ്റോ പദ്ധതിയുടെ ധാരണാപത്രം മുഖ്യാഥിതി ഡോ. സുമിത്രൻ വൈക്കം നഗരസഭ ചെയർപേഴ്സൺ കെ.ജി. അബ്ദുൾ സലാം റാവുത്തറിന് കൈമാറി. കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കുക, പരിസര ശുചിത്വത്തെകുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നഗരസഭയിലെ എല്ലാ വാർഡുകളും, സ്കൂളുകളിലും റോട്ടറി കമ്മ്യൂണിറ്റി ക്ലബ്ബുകൾ രൂപീകരിച്ച് പൊതുജന പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കൂടാതെ വൈക്കം ബീച്ചിൽ റോട്ടറി ക്ലബ് നേരത്തേ സ്ഥാപിച്ചിരുന്ന എം.എം റേഡിയോ സംവിധാനം അറ്റകുറ്റപ്പണി നടത്തി നവീകരിച്ച് നഗരസഭക്ക് കൈമാറും. സിറിൽ ജെ. മഠത്തിൽ, രാജൻ പൊതി എന്നിവരെ ആദരിച്ചു. റൊട്ടേറിയൻമാരായ അസി.ഗവർണൻ ടി.കെ. ശിവപ്രസാദ്, പി.എ. സുധീരൻ, ജീവൻ ശിവറാം, സ്വാമിനാഥൻ, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.
Comments ()