വടയാറിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം; 10 കോടിയുടെ സമഗ്ര പദ്ധതി പഠനത്തിന് തുടക്കമായി
തലയോലപ്പറമ്പ്: വടയാർ മേഖലയിലെ വെള്ളക്കെട്ടും വെളളപ്പൊക്ക രൂക്ഷത കുറക്കാനുമുള്ള സമഗ്ര പദ്ധതി രൂപീകരണ പഠനത്തിന് തുടക്കമായി .നബാർഡിൽ നിന്നുള്ള 10 കോടിയിലധികം രൂപയുടെ പദ്ധതി സമർപ്പണത്തിനുള്ള വിശദ പദ്ധതിരേഖ തയ്യാറാക്കാനാണ് നടപടി തുടങ്ങിയത്. വിശദ പദ്ധതിരേഖ രൂപീകരണത്തിന് കെ. ബിനി മോൻ എം.എൽ.എ തുടക്കം കുറിച്ചു.
വടയാർ പാലത്തിൻ്റെ കിഴക്കേ കരയിലുടെ ചക്കാല മുട്ടുങ്കൽ തേവലക്കാട് ഭാഗം വഴി തെക്കും ചേരി പാടശേഖര അതിർത്തിയിലുടെ തെക്കേകരി മനക്കകരി തുടങ്ങി അഞ്ചോളം പാടശേഖരങ്ങളിലൂടെ കോരിക്കൽ പാലം വരെയും തുടർന്ന് കുറുന്തുറ പുഴയുടെ ഇരുകരകളിലുമായി കെ.ആർ. ഓഡിറ്റോറിയം വരെയും പുറംബണ്ട് നിർമ്മിക്കിനാണ് പഠനം തുടങ്ങിയത്. വടയാർ ഇളങ്കാവ പാലത്തിന് സമീപം ഷട്ടർ നിർമ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

വടയാറിലെ ഒന്നാം വാർഡിലും പതിമൂന്ന് മുതൽ പതിനേഴ് വരെയുള്ള വാർഡുകളിലെ ഇടതോടുകൾ ആഴംകൂട്ടി പാലങ്ങളും കലുങ്കുകളും നിർമ്മിച്ച് നീരൊഴുക്ക് തടസങ്ങൾ നീക്കിയാൽ വടയാർ മേഖലയിലെ മഴക്കാല ദുരിതം ഒഴിവാകുമെന്നാണ് കണ്ടെത്തൽ. ഒരു മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി പ്രാദേശികാഭിപ്രായങ്ങളും പരിഗണിച്ച് വിശദ പദ്ധതി റിപ്പോർട്ട് എം.എൽ.എ ക്ക് നൽകും.

എം.എൽ.എ കെ. ബിനിമോൻ, പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം വാർഡ് പഞ്ചായത്ത് അംഗം കെ. അനിൽകുമാർ ജില്ല പഞ്ചായത്ത് അംഗം വിജയമ്മ ബാബു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത സുഭാഷ് ബോക്ക് പഞ്ചായത്ത് അംഗം ഗീതു ശശിധരൻ എന്നിവരും മറ്റ് പഞ്ചായത്ത് അംഗങ്ങളുമടങ്ങുന്ന സംഘം പഠന ഉദ്യോഗസ്ഥരുമായി പദ്ധതി പ്രദേശങ്ങളിൽ ജലയാത്രസന്ദർശനം നടത്തി.

ലക്ഷ്യമിടുന്ന നാല് വർഷത്തിനകം പദ്ധതി നടപ്പായാൽ പ്രദേശത്തെ മഴക്കാല വെള്ളക്കെടുതി ഒഴിവാകുന്നത് മാത്ര മല്ല എഴുനൂറ് ഏക്കറോളം പാടത്തെ ഇരുപ്പൂകൃഷി നടപ്പാക്കാനും പാടശേഖ പ്രദേശത്തെ വീടുകളിലെ വെള്ളപ്പൊക്കം കൂടി ഒഴിവാക്കി മറ്റ് കൃഷികളെയടക്കം സംരക്ഷിക്കാനും തരിശ് നിലങ്ങളിൽ കൂടി കൃഷിയിറക്കാനും കഴിയും. രണ്ട് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം പറഞ്ഞു
Comments ()