പൊതു സാംസ്കാരികയിടങ്ങൾ തിരിച്ചുപിടിക്കണം: തോമസ് ഐസക്
വൈക്കം: കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വർഗീയതയ്ക്കും ഫാസിസത്തിനും സാംസ്കാരിക പ്രതിരോധം ഒരുക്കണമെന്നും അതിനായി പൊതു സാംസ്കാരിക ഇടങ്ങൾ തിരിച്ചുപിടിക്കണമെന്നും മുൻ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കത്ത് സംഘടിപ്പിച്ച വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിൻ്റെ സമാപന സമ്മേളനവും സാംസ്കാരിക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്സവപ്പറമ്പുകളുടെ സാംസ്കാരിക സ്വഭാവം വീണ്ടെടുക്കണമെന്നും മതേതര ഉത്സവങ്ങൾ നാട്ടിലെമ്പാടും രൂപപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തബല വാദന കലാകാരി രത്നശ്രീ അയ്യർ, നടൻ വൈക്കം ഭാസി, ഗാനരചയിതാവ് അജീഷ് ദാസൻ, ഡി. മനോജ്, നാടക പ്രവർത്തകൻ പ്രദീപ് മാളവിക, കഥാകൃത്ത് കെ.ആർ ബീന, കലാജാഥ അഭിനേതാവും പരിശീലകനുമായ എൻ. വേണുഗോപാലൻ, ചെണ്ട വിദഗ്ധൻ തേരൊഴി രാമക്കുറുപ്പ്, കലാജാഥ അഭിനേതാവ് ഇ.എം. ചന്ദ്രൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. സംഗീതം, പ്രതിരോധം, ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ വിപ്ലവ ഗായിക പി.കെ. മേദിനിയും അംബരീഷ് ജീ വാസുവും തമ്മിലുള്ള പാട്ടും പറച്ചിലും പരിപാടിയോടെയാണ് മൂന്നാം ദിവസത്തെ സാംസ്കാരിക ഉത്സവം ആരംഭിച്ചത്. പി.കെ. മേദിനിയെ തോമസ് ഐസക്ക് പൊന്നാടയണിയിച്ച് ആദരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സയൻസ്സ്ലാം പരിപാടിയുടെ പോസ്റ്റർ ജിസ് ജോസഫിന് നൽകി തോമസ് ഐസക്ക് പ്രകാശനം ചെയ്തു. വി.കെ.എസ് ശാസ്ത്ര സാംസ്കാരിക ഉത്സവത്തിന്റെ തുടർച്ചയായി സംസ്ഥാനത്തുടനീളം 150 കേന്ദ്രങ്ങളിൽ ശാസ്ത്ര സാംസ്കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജി. രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു. സി.എസ്. ശ്രീകുമാർ സ്വാഗതവും സി. ശശി നന്ദിയും പറഞ്ഞു.
Comments ()