വൈക്കത്ത് പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു; ചരക്കുലോറി അപകടത്തിൽപ്പെട്ടു
വൈക്കം: ആറാട്ടുകുളങ്ങരയിൽ ഇന്നലെ വൈകിട്ട് ജല അതോറിറ്റി പൈപ്പ് പൊട്ടി ഉണ്ടായ റോഡിലെ ഗർത്തത്തിൽ ചരക്ക് ലോറി വീണു. ഇന്ന് രാവിലെ 9 മണിയോടു കൂടിയായിരുന്നു അപകടം. കന്നുകാലി ഫാമുകളിൽ കാലിത്തീറ്റ വിതരണം ചെയ്യുന്ന ചാലക്കുടിയിൽ നിന്ന് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വലിയ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ വൈകിട്ട് ഇവിടെ പൈപ്പ് പൊട്ടി റോഡരുകിലൂടെ വെള്ളം ഒഴുകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ അറ്റകുറ്റപ്പണിക്ക് എത്തിയവർ ഇവിടം കുഴിച്ചു നോക്കിയപ്പോഴാണ് റോഡിൻ്റെ നടുഭാഗത്താണ് പൈപ്പ് പൊട്ടൽ എന്ന് കണ്ടെത്തിയത്. ഇതിനിടെ തന്നെ അയ്യർകുളങ്ങര ഭാഗത്തുനിന്ന് വന്ന ലോറി മണ്ണൊലിച്ചുപോയ റോഡിലെ ടാർ താഴ്ന്ന് കുഴിയിൽപ്പെടുകയായിരുന്നു. റോഡരികിൽ അറ്റകുറ്റപ്പണിക്ക് എത്തിയവരടക്കം നിരവധി പേർ നിൽക്കുമ്പോഴായിരുന്നു ലോറിയുടെ മുൻപിലെ ഇടതുഭാഗത്തെ ടയർ കുഴിയിൽ പൂർണമായി താഴ്ന്ന് ലോറി ചരിഞ്ഞത്. ആളുകൾ ഓടി മാറി. ഇതിനോട് ചേർന്ന് പെട്ടിക്കടകളും ഓട്ടോറിക്ഷ സ്റ്റാൻഡും പ്രവർത്തിക്കുന്നുണ്ട്. ക്രെയിൻ എത്തിച്ച് വടംകെട്ടി ഉയർത്തിയാണ് ലോറി കരക്ക് കയറ്റിയത്. നാട്ടുകാരും വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്ക് എത്തിയവരും ചേർന്ന് വലിയ ഗർത്തത്തിൽ കല്ലുകൾ നിരത്തിയ ശേഷമാണ് ലോറി നീക്കിയത്. പിന്നീട് ഇവിടെ സുരക്ഷാ വേലി സ്ഥാപിച്ചു.

പൈപ്പ് പൊട്ടി റോഡ് അരികിൽ വെള്ളം ഒലിച്ചതിനാൽ ഇവിടെ അപകട സിഗ്നലുകളോ മറ്റു സുരക്ഷാ മുൻകരുതൽ സംവിധാനമൊ ഒരുക്കിയിരുന്നില്ല. റോഡിലെ ടാറിനടിയിലെ മണ്ണൊലിച്ചു പോയ ഭാഗത്ത് കൂടിയാണ് വാഹനങ്ങൾ ഓടിയിരുന്നത്. രാത്രിയും രാവിലെ മണിവരെയും നിരവധി വാഹനങ്ങൾ ഈ റോഡിന് മുകളിലൂടെ കടന്നു പോയിരുന്നു. ഇരുചക്ര വാഹനമോ, ഓട്ടോറിക്ഷയോ ആയിരുന്നു ഗർത്തത്തിൽ പെട്ടിരുന്നുവെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു. ചാലപറമ്പിൽ നിന്ന് മുരിയംകുളങ്ങര ഭാഗത്തേക്ക് പോകുന്ന ജലവിതരണ വകുപ്പിന്റെ പ്രധാന പൈപ്പ് പൊട്ടിയാണ് റോഡ് തകർന്നത്.
Comments ()