വൈക്കം ബോട്ട് ജെട്ടി സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയമാക്കണം: മന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: വൈക്കം ബോട്ട് ജെട്ടി പുരാവസ്തു വകുപ്പ് സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയമാക്കണമെന്നാവശ്യം. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കത്ത് വന്നിറങ്ങിയ ബോട്ട് ജെട്ടി പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ഗാന്ധി സ്മാരകമാക്കി മാറ്റണമെന്ന ആവശ്യവുമായി മന്ത്രിക്ക് നിവേദനം നൽകി. ലളിതകലാ അക്കാഡമി മുൻ സെക്രട്ടറിയും തലയോലപ്പറമ്പ് കോൺഗ്രസ്ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു ആണ് മന്ത്രി ഒ.ജെ ജനീഷിന് നിവേദനം നൽകിയത്.

രാജഗോപാലാചാരി ഉൾപ്പടെയുള്ള ദേശീയ നേതാക്കളോടൊപ്പം 1925ജനുവരിയിലാണ് ഗാന്ധിജി കൊച്ചിയിൽ നിന്നും ബോട്ട് മാർഗ്ഗം വൈക്കം ബോട്ട് ജെട്ടിയിൽ എത്തിച്ചേർന്നത്. അവിടെ നിന്നും സത്യഗ്രഹ സമര സേനാനികളുടെ സ്വീകരണം ഏറ്റുവാങ്ങി അദ്ദേഹം കാൽ നടയായി വൈക്കം സത്യഗ്രഹ ആശ്രമത്തിലേക്ക് പോകുകയായിരുന്നു. അടുത്ത ദിവസം മനയിലെത്തി ചർച്ച നടത്തി വൈക്കം ബോട്ട് ജെട്ടി മൈതാനിയിലെ സമ്മേളനത്തിലും പങ്കെടുത്ത് ആലപ്പുഴയിലേക്ക് യാത്രയായതും ഈ ബോട്ട് ജെട്ടിയിൽ നിന്നാണ്. രാജഭരണകാലത്തെ ശംഖ് അടയാളം പേറി നിൽക്കുന്ന ഈ ബോട്ട് ജെട്ടി കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായതോടെ കഴിയുന്നത്ര തനിമയോടെ അടുത്തിടെ നവീകരിച്ചിരുന്നു. വിനോദസഞ്ചാര വികസനരംഗത്ത് ഏറെ സാധ്യതകൾ ഉള്ള ചരിത്ര നഗരമായ വൈക്കത്ത് സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയമായി ബോട്ട് ജെട്ടിയെ മാറ്റിയെടുത്താൽ ചരിത്രാന്വേഷികൾക്കും വിനോദ സഞ്ചാരികൾക്കും അത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് നിവേദനത്തിൽ പറയുന്നത്. ഡി.സി.സി നിർവ്വാഹക സമിതി അംഗം കെ. സിയാദ് ബഷീറിനൊപ്പമാണ് എം.കെ ഷിബു മന്ത്രിയെ കണ്ടു നിവേദനം നൽകിയത്.
Comments ()