വയോജനങ്ങൾക്കായി സുവർണ്ണ സായന്തനം
വൈക്കം: ടി.വി. പുരം ഗ്രാമപഞ്ചായത്ത് 2026 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി സുവർണ്ണ സായന്തനം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ടി.വി. പുരം വയോജന വിശ്രമ കേന്ദ്രത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ( കാപ്പിപ്പൊടി അച്ഛൻ ) മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എലിസബത്ത് മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നീതുമോൾ ധനേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീന തോമസ്, മെമ്പർമാരായ കവിത റെജി, ഗീതാ പ്രകാശൻ, ദീപാ ബിജു, വി.കെ ശ്രീകുമാർ, എ.എസ് ശരത്, രമ്യ തങ്കപ്പൻ, ബിനീ സുരേഷ്, മായ റോയ്, ശ്രുതി രൂപേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ പേർക്കും ഗ്രാമപഞ്ചായത്തിന്റെ സ്നേഹോപഹാരം നൽകി.
Comments ()