Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

എൻ.കെ. രാമവർമ്മ തമ്പാനെ അനുസ്മരിച്ച് വൈക്കത്തെ കമ്മ്യൂണിസ്‌റ്റ് പാർട്ടി

എൻ.കെ. രാമവർമ്മ തമ്പാനെ അനുസ്മരിച്ച് വൈക്കത്തെ കമ്മ്യൂണിസ്‌റ്റ് പാർട്ടി
എൻ.കെ. രാമവർമ്മ തമ്പാൻ

വൈക്കം: വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകരിൽ പ്രമുഖനായിരുന്ന എൻ.കെ. രാമവർമ്മ തമ്പാൻ 1923-ൽ തൃപ്പൂണിത്തുറയിലെ ഒരു രാജകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ തൃശൂർ സ്വദേശിയായ നാരായണയ്യരും അമ്മ ലക്ഷ്മിത്തമ്പാട്ടി എന്ന കൊച്ചമ്മു തമ്പാട്ടിയുമായിരുന്നു. സമ്പത്തും അധികാരവും ഉണ്ടായിരുന്ന 'കണ്ണാടിക്കോവിലകത്ത്' നിന്ന് വൈക്കത്തേക്ക് താമസം മാറിയെങ്കിലും തറവാടിന്റെ പേര് മാറ്റാതെ നിലനിർത്തി.

എൻ.കെ. രാമവർമ്മ തമ്പാൻ അനുസ്മരണ യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് പ്രസംഗിക്കുന്നു

ചെറുപ്പത്തിൽ തന്നെ അദ്ദേഹം നാട്ടിലെ ഉച്ചനീചത്വങ്ങളെയും, അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും എതിർത്തിരുന്നു. യുക്തിചിന്തയും ശാസ്ത്രബോധവുമായിരുന്നു തമ്പാന്റെ നിലപാടുകളുടെ അടിസ്ഥാനം. സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം 1942-ലെ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് 54 ദിവസം ജയിലിലടച്ചു. നാട്ടിൽ തിരിച്ചെത്തിയ ശേഷം സഖാവ് സി.കെ.വിശ്വനാഥൻ, പി.എസ്. ശ്രീനിവാസൻ തുടങ്ങിയവർക്കൊപ്പം വൈക്കത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അക്ഷീണം പ്രവർത്തിച്ചു. കർഷകരെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച് നിരവധി പോരാട്ടങ്ങൾ നടത്തിയതിന്റെ പേരിൽ അദ്ദേഹത്തിന് പലതവണ ജയിൽവാസം അനുഭവിക്കേണ്ടി വരികയും പോലീസിന്റെ ക്രൂരമായ മർദ്ദനങ്ങൾക്കു ഇരയാകേണ്ടി വരികയും ചെയ്തു.

ഇത് അദ്ദേഹത്തെ ശാരീരികമായി തളർത്തിയെങ്കിലും, ഉള്ളിലെ വിപ്ലവകാരിക്ക് കൂടുതൽ കരുത്തു നൽകി. 1944-ലാണ് വൈക്കത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം പിറക്കുന്നത്. കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസിലാണ് രൂപീകരണ യോഗം നടന്നത്. തമ്പാൻ കോൺഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ രംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതനായി. 1948-ലെ കൽക്കട്ടാ തീസിസിനെ തുടർന്ന് കമ്മ്യൂണിസ്റ്റുകാർക്കെതിരായ ആക്രമണം ഭരണാധികാരികൾ ശക്തമാക്കി. ഈ കാലയളവിൽ കടുത്ത പീഡനത്തിനിരയായ തമ്പാൻ 1949 ആഗസ്റ്റ് 15-ന് കരിങ്കൊടി ഉയർത്താൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായി. പല ലോക്കപ്പുകളിലായി മർദ്ദനം സഹിച്ച അദ്ദേഹത്തെ പത്ത് മാസത്തേക്ക് ശിക്ഷിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം, എസ്.എൻ.ഡി.പി. യോഗം സംഘടനാ സെക്രട്ടറിയായിരുന്ന, സ്വതന്ത്ര സമുദായം എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവുമായ ഇ. മാധവന്റെ മകളും കമ്മ്യൂണിസ്റ്റ് പ്രവർത്തകയുമായിരുന്ന സി.കെ. തുളസിയെ വിവാഹം കഴിച്ചു. ഈ വിവാഹം ജാതിചിന്തയ്ക്കെതിരെയുള്ള ഒരു വെല്ലുവിളി കൂടിയായി ഉയർന്നു. തന്റെ വ്യക്തിജീവിതത്തിൽ കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ പകർത്തി അദ്ദേഹം ഒരു മാതൃകാ കമ്മ്യൂണിസ്റ്റായി ജീവിച്ചു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ തമ്പാൻ സി.പി.ഐയോടൊപ്പം നിന്നു. ഒരു നല്ല കർഷകൻ കൂടിയായിരുന്ന തമ്പാൻ, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിസാൻ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാർട്ടി മണ്ഡലം സെക്രട്ടറിയായും, ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്ന തമ്പാൻ എ.ഐ.ടി.യു.സിയുടേയും ഇസ്കഫിന്റെയും നേതൃനിര പ്രവർത്തകനായിരുന്നു. 2000 സെപ്റ്റംബർ 18ന് രാമവർമ്മ തമ്പാൻ അന്തരിച്ചു. ആറാട്ടുകുളങ്ങരയിലും കണ്ണാടി കോവിലകത്തുമായി നടന്ന അനുസ്മരണ ചടങ്ങുകളിൽ സി. പി. ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി എൻ. അനിൽബിശ്വാസ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കെ. ചന്ദ്രബാബു, ലോക്കൽ സെക്രട്ടറിമാരായ അഡ്വ ചന്ദ്രബ്രാബു എടാടൻ, കെ.വി. ജീവരാജൻ തുടങ്ങിയവർ പങ്കെടുത്തു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും