ഉദയനാപുരത്ത് കരിമീൻ കുളത്തിൽ അതിഥികളായി കാട്ടുതാറാവുകൾ; സംരക്ഷണം ഒരുക്കി ജയശങ്കർ
വൈക്കം: ഉദയനാപുരത്ത് വീട്ടിലെ കുളത്തിൽ സംരക്ഷിത ഇനമായ കാട്ടുതാറാവും കുഞ്ഞുങ്ങളും എത്തിയത് കൗതുകമായി. വൈക്കം ഉദയനാപുരം പടിഞ്ഞാറെമുറി നെടിയേഴത്ത് ജയശങ്കറിൻ്റെ വീട്ടുവളപ്പിലെ കരിമീൻ കുളത്തിലാണ് കാട്ടു താറാവും കുഞ്ഞുങ്ങളും വിരുന്നെത്തിയത്. ആറ് കുഞ്ഞുങ്ങളും തള്ള പക്ഷിയടക്കമുള്ള രണ്ട് കാട്ട് താറാവുമാണ് ജയശങ്കറിൻ്റെ കരിമീൻ കുളത്തിലെ ഇപ്പോഴത്തെ കൗതുകകാഴ്ച്ച. സംരക്ഷിത പക്ഷിയായതിനാൽ വീട്ടുടമ
ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. തള്ളപക്ഷികൾ ഒപ്പമുള്ളതിനാൽ തനിയെ അവ കുഞ്ഞുങ്ങളുമായി പോകുമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞതോടെ മറ്റു പക്ഷികൾ കാട്ടുതാറാവിനേയും കുഞ്ഞുങ്ങളെയും ആക്രമിക്കാതെ തീറ്റ നൽകി സംരക്ഷിക്കുകയാണ് ജയശങ്കർ.
ബുധനാഴ്ച ഉച്ചയോടെയാണ് കാട്ടുതാറാവുകളെയും കുഞ്ഞുങ്ങളേയും കുളത്തിൽ കണ്ടത്. കയറിപ്പോകാതെ വന്നതാടെ ജയശങ്കർ സംരക്ഷിക്കയായിരുന്നു. കുളത്തിനോട് ചേർന്നുളള മറ്റൊരു പുരയിടത്തിലെ പൊന്തക്കാട്ടിൽ അടയിരുന്ന് തള്ള പക്ഷികൾ വിരിയിച്ച കുഞ്ഞുങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം സമീപ സ്ഥലഉടമ പുരയിടത്തിലെ കാടു നീക്കിയപ്പോൾ കൂട് നഷ്ടപ്പെട്ട ഇവ കുളത്തിലെത്തിയെന്നാണ് കരുതുന്നത്.

പക്ഷി മൃഗസ്നേഹി കൂടിയായ ജയശങ്കർ വിലകൂടിയ അപൂർവ്വ അലങ്കാര പക്ഷികളെയും വളർത്തുന്നുണ്ട്. ആഫ്രിക്കൻ ഗ്രേ പാരറ്റ്, മോളുക്കൻ ബ്ലാക്ക് ക്യാപ്പിഡ് ലോറി കിറ്റ്, ജനിറ്റിക്കലി മ്യൂട്ടേഷഷൻഡ് ആഫ്രിക്കൻ റിംഗ് നെക്ക്ഡ് പാരറ്റ് എന്നിവ ജയശങ്കറിൻ്റെ കൂട്ടിലുള്ളതിൽ വിലയേറിയ പക്ഷികളിൽ ചിലതാണ്. വംശനാശം നേരിടുന്ന നിരവധി വൃക്ഷങ്ങളും വീട്ട് മുറ്റത്ത് നട്ടുവളർത്തുന്ന ജയശങ്കർ വെച്ചൂർ പശുവിനേയും കാസർകോട് കുള്ളനെയും വളർത്തുന്നുണ്ട്.
Comments ()