വൈക്കത്ത് വയോധികയ്ക്ക് തണലായി സിപിഐ: സ്നേഹ വീടിന്റെ താക്കോൽ കൈമാറി
എസ്. സതീഷ്കുമാർ
വൈക്കം: ഭർത്താവിൻ്റെ മരണത്തോടെ ഒറ്റപ്പെട്ട് ഷെഡിൽ കഴിഞ്ഞിരുന്ന വയോധികയ്ക്ക് ഒരു കൊച്ച് വീട് വച്ച് നൽകിയിരിക്കുകയാണ് വൈക്കത്തെ സി.പി.ഐ പ്രവർത്തകർ. സിപിഐ തലയാഴം വാക്കേത്തറ ബ്രാഞ്ചാണ് നാട്ടുകാരിയായ സുശീലയെന്ന വയോധികക്ക് സുരക്ഷിതമായ വീടൊരുക്കി നൽകിയത്.
തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിൽ പരേതനായ നടുവിലേക്കറ്റ് ഗോപിയുടെ ഭാര്യ സുശീലയ്ക്കാണ് സി.പി.ഐ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ, പാർട്ടി അംഗങ്ങളുടേയും അനുഭാവികളുടെയും സഹായത്തോടെ ധനസമാഹരണം നടത്തി വീട് നിർമിച്ചു നൽകിയത്. സി.പി.ഐ പ്രവർത്തകരുടെ ഭവന സന്ദർശന പരിപാടിക്കിടെയാണ് സുശീലയുടെ ജീവിത ദുരിതം കണ്ടറിഞ്ഞത്. സുശീലാമ്മയുടെ ജീവിതാവസ്ഥ മനസിലാക്കിയതോടെയാണ് പാർട്ടി വീട് നിർമ്മിച്ച് നൽകാൻ നടപടി സ്വീകരിച്ചത്. സമീപ വാസികളും നാട്ടുകാരും പാർട്ടി പ്രവർത്തകരും പങ്കെടുത്ത ലളിതമായ ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ് കുമാർ വീടിൻ്റെ താക്കോൽ സുശീലാമ്മയ്ക്ക് കൈമാറി.

സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, ജില്ലാ കമ്മറ്റി അംഗങ്ങളായ എ.സി. ജോസഫ്, സി.കെ. ആശ, മണ്ഡലം കമ്മറ്റി അസിസ്റ്റൻ്റ് സെക്രട്ടറി അനിൽ ബിശ്വാസ്, കെ.കെ.ചന്ദ്രബാബു, ലോക്കൽ സെക്രട്ടറി കെ.എ. കാസ്ട്രോ, ജില്ലാ പഞ്ചായത്ത് അംഗം കെ.എം. രാജേഷ്, വാർഡ് മെമ്പർ റെജി മോൾ, പി.പി. അജികുട്ടൻ, വി. ജിതിൻ തുടങ്ങിയവരും വീട് കൈമാറാൻ എത്തിയിരുന്നു.
Comments ()