പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ
വൈക്കം: നെട്ടൂർ സരസ്വതി വിലാസം യു.പി സ്കൂളിൽ ഹിന്ദി പഠിപ്പിച്ച സതി ടീച്ചറെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ വൈക്കം ചെമ്പ് കൊച്ചങ്ങാടിയിലെ ആഞ്ജനേയ മഠത്തിലെത്തി. ടീച്ചർക്കൊപ്പം അരമണിക്കൂറോളം ചെലവഴിച്ച മുഖ്യമന്ത്രി സ്കൂൾകാല വിശേഷങ്ങളും പറഞ്ഞ് ടീച്ചർക്ക് ഒപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. നേരേകടവ് - മക്കേകടവ് പാലം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞ ടീച്ചർ ശിഷ്യനും മുഖ്യമന്ത്രിയുമായ സതീശനെ കാണാൻ ആഗ്രഹം പറഞ്ഞു. ആഞ്ജനേയ മഠം അധികൃതർ സതീ ടീച്ചർ എഴുതിയ കുറിപ്പ് എം.എൽ.എ മുഖേന മുഖ്യമന്ത്രിക്ക് നൽകിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പാലത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം തൻ്റെ സതി ടീച്ചറെ കാണാൻ എത്തിയത്.
യു.പി ക്ലാസുകളിലാണ് മുഖ്യമന്ത്രിയെ സതി ടീച്ചർ ഹിന്ദി പഠിപ്പിച്ചിരുന്നത്. പനങ്ങാട് സ്വദേശിയായ സതി ടീച്ചർ 33 വർഷം നെട്ടൂർ സ്കൂളിൽ അധ്യാപികയായിരുന്നു.
അതേ സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകനായിരുന്ന ഭർത്താവ് വിട പറഞ്ഞു. ഏക മകൾ 45ാം വയസിൽ കാൻസർ ബാധിതയായി മരിച്ചത് സതി ടീച്ചർക്ക് താങ്ങാനാവുന്നതിൽ അപ്പുറമായിരുന്നു. കഴിഞ്ഞ ആറു വർഷമായി ആഞ്ജനേയ മഠത്തിലെ വയോജന മന്ദിരത്തിലെ താമസക്കാരിയാണ് ടീച്ചർ.

അവിടത്തെ വയോധികർക്ക് താങ്ങായി കഴിയുമ്പോൾ സ്വന്തം നൊമ്പരങ്ങൾ ടീച്ചർ മറക്കും. 2020 ഒക്ടോബറിലാണ് ടീച്ചർ ഇവിടെ വന്നത്. ചെറുമക്കൾ ഇവിടെ എത്തി ടീച്ചറെ കാണാറുണ്ട്.
Comments ()