കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു
വൈക്കം: വിൻസെൻഷ്യൽ സഭയുടെ സ്ഥാപകനും തോട്ടകം സെൻറ് ഗ്രിഗോറിയോസ് ഇടവകയുടെ തുടക്കക്കാരനുമായ ദൈവദാസൻ കാട്ടറാത്ത് വർക്കിയച്ചൻ്റെ ചരമവാർഷിക ആചരണത്തിന് വ്യാഴാഴ്ച തുടക്കമാകുന്നു. തോട്ടകം സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ് വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ 95-ാംചരമവാർഷികാചരണം നടത്തുന്നത്. ശനിയാഴ്ചയാണ് കാട്ടറാത്ത് വർക്കിയച്ചൻ്റെ മുഖ്യ ഓർമ്മദിനം. ഇതോടനുബന്ധിച്ച് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്കും തുടക്കം കുറിക്കുകയാണ്. അച്ഛൻ്റെ മധ്യസ്ഥതയിൽ അനുഗ്രഹം ലഭിച്ചവരുടെ വിവരങ്ങളും ശേഖരിക്കാൻ നടപടികൾ തുടങ്ങി.
ഓർമ്മ ദിനാചരണത്തിന്റെ ഭാഗമായി ആദ്യ രണ്ട് ദിവസങ്ങളിലും ജപമാലക്കും ഗാന ശുശ്രൂഷയ്ക്കും ശേഷം വിശുദ്ധ കുർബാനയും വചനപ്രഘോഷണവും രാവിലെ നടക്കും. ഉച്ചക്ക് ശേഷം വചനപ്രഘോഷണവും സൗഖ്യാരാധനയും ഉണ്ടാകും. മുഖ്യ ഓർമ്മ ദിനമായ ശനിയാഴ്ച ജപമാലയ്ക്കും ഗാനശുശ്രക്കും ശേഷം രാവിലെ വചനപ്രഘോഷണവും ആരാധനയും നടക്കും. 11മണിക്ക് വിശുദ്ധ കുർബാന ബിഷപ്പ് മാർ ജേക്കബ് മുരിക്കന്റെ കാർമ്മികത്വത്തിൽ നടക്കും. ദൈവദാസന്റെ കല്ലറ സന്ദർശനവും ഉച്ചയോടെ കബറിടത്തിൽ പ്രാർത്ഥനാ വെഞ്ചരിപ്പ് തുടങ്ങിയ ചടങ്ങുകളും നടക്കും.

എല്ലാ മാസവും ഇരുപത്തിനാലാം തീയതി രാവിലെ ആറുമണിക്ക് ദൈവദാസൻ കാട്ടറാത്ത് വർക്കിയച്ചൻ്റെ ഓർമ്മ ആചരണം വിശുദ്ധ കുർബാനയോടും നാമകരണ പ്രാർത്ഥനയോടും ഒപ്പം തോട്ടകം പള്ളിയിൽ വച്ച് നടത്തുന്നുണ്ടെന്നും വിൻസെൻഷ്യൽ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവറന്റ് ഫാദർ ഡോക്ടർ പോൾ പുതുവ, ഫാദർ ഷിന്റോ മംഗലത്ത്, തോട്ടകം പള്ളി വികാരി ഫാദർ ജോൺ കൊടിയം കുന്നേൽ, തോട്ടകം ആശ്രമം സുപ്പീരിയർ ഫാദർ ആൻറണി കോലഞ്ചേരി എന്നിവർ അറിയിച്ചു.
Comments ()