സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ വൻ കുറവ്, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെ.എസ്.ഇ.ബി. ഈ മാസം 30 വരെ വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. നിലവിൽ ദിവസേന 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളത്. സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ മാത്രം 10 ദശലക്ഷം യൂണിറ്റിന്റെ അസാധാരണ വർദ്ധനവാണുണ്ടായിരിക്കുന്നത്. രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വൻ ഇടിവുണ്ടായതോടെ പുറത്തുനിന്ന് പണം നൽകി വൈദ്യുതി വാങ്ങാനുള്ള സാധ്യതകളും കുറഞ്ഞതോടെയാണ് നിയന്ത്രണം. 900 മെഗാവാട്ടിന്റെ ഈ പ്രതിദിന കുറവ് പരിഹരിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് അവറുകളിൽ (Peak Hours) വീടുകളിൽ നേരിയ തോതിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വലിയ തോതിലുള്ള ലോഡ്ഷെഡിങ്ങിലേക്ക് പോകാതിരിക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ അഭ്യർത്ഥന. ഈ സമയങ്ങളിൽ എയർ കണ്ടീഷണറുകൾ (AC), വാഷിംഗ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങിയ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും കെ.എസ്.ഇ.ബി നിർദ്ദേശിക്കുന്നു.
Comments ()