|
Loading Weather...
Follow Us:
BREAKING

വോളിബോൾ ജീവശ്വാസമാക്കി പി.കെ. ബാലകൃഷ്ണൻ

വോളിബോൾ ജീവശ്വാസമാക്കി പി.കെ. ബാലകൃഷ്ണൻ
പി.കെ. ബാലകൃഷ്ണന്‍

എസ്. സതീഷ്കുമാർ

വൈക്കം: എൺപത്തിരണ്ടാം വയസിലും വോളിബോള്‍ എന്ന് കേട്ടാല്‍ വൈക്കം ടി.വി. പുരം മാധവശേരിയില്‍ പി.കെ. ബാലകൃഷ്ണന്‍ പഴയ പതിനാറുകാരനായി മാറും. ഇന്ത്യയിലെ തന്നെ പ്രമുഖ വോളിബോള്‍ താരങ്ങളോടൊപ്പം കളിച്ച കെ.എസ്.ഇ.ബിയിലെ റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍ ബാലകൃഷ്ണന് വോളിബോള്‍ എന്നും ഹരമാണ്.

0:00
/1:48

കളിയില്‍ ബാലകൃഷ്ണന്റെ ബ്ലോക്കുകള്‍ ഇപ്പോഴും പഴയതലമുറ ആവേശത്തോടെയാണ് ഓര്‍ക്കുന്നത്. 1955-ല്‍ തണ്ണീര്‍മുക്കം ഗവ. യു.പി. സ്‌കൂളിലെ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വോളിബോള്‍ കളിയോട് അടുപ്പം കൂടുന്നത്. തണ്ണീര്‍മുക്കം വൈ.എം.എ ഗ്രൗണ്ടില്‍ സ്വയം പരിശീലനം തുടങ്ങി. 1960-ല്‍ ചേര്‍ത്തല ഹൈസ്‌കൂളിലെ വോളിബോള്‍ ടീമിനായി നേതൃത്വം നല്‍കി. ഇതിനിടെ 1963 ൽ ചേര്‍ത്തല ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിവില്‍ എന്‍ജിനീയറിങ്ങില്‍ വിദ്യാഭ്യാസം നേടി. 1964-ല്‍ ഇടുക്കി കെ.എസ്.ഇ.ബിയില്‍ ജോലിയും നേടി. ജോലി ലഭിച്ച് ഒരുവര്‍ഷത്തിന് ശേഷം ഇടുക്കി ഹൈഡല്‍ റിക്രിയേഷന്‍ ക്ലബിന്റെ കീഴില്‍ വോളിബോള്‍ ടീം രൂപീകരിക്കാൻ ബാലകൃഷ്ണൻ മുന്‍നിരയിൽ നിന്നു. നിരവധി സൗഹൃദമത്സരങ്ങളും ഓള്‍ കേരള വോളിബോള്‍ ടൂര്‍ണമെന്റും അന്ന ക്ലബിന്റെ കീഴില്‍ നടത്തി. റിട്ട. സി.ഇ കെ.കെ. മാത്യു ജനറല്‍ കണ്‍വീനറായും പി.കെ. ബാലകൃഷ്ണന്‍ ജോയിന്റ് കണ്‍വീനറായും ഇടുക്കി നാഷണല്‍ എന്ന ടൂര്‍ണമെന്റായിരുന്നു ശ്രദ്ധേയമായത്. പ്രമുഖ വോളിബോള്‍ താരങ്ങളായ ബല്‍വന്ത് സിങ്ങ്, ഇന്തര്‍ സിങ്ങ്, നൃപജിത് സിങ്ങ് തുടങ്ങിയവര്‍ അന്ന് ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. അന്നത്തെ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ സ്റ്റേറ്റ് ബാങ്ക് മദ്രാസ് ടീമില്‍ രമണ റാവുവും ഉണ്ടായിരുന്നതായി ബാലകൃഷ്ണന്‍ ഓര്‍ക്കുന്നു. ലോക്കല്‍ ലെവലില്‍ അത്തരമൊരു മത്സരം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് നടക്കുന്നതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.
1968 മുതല്‍ ഇടുക്കിയില്‍ നടന്ന മിക്ക ടൂര്‍ണമെന്റുകളില്‍ ബാലകൃഷ്ണന്‍ കളിച്ചിട്ടുണ്ട്. വോളിബോള്‍ കളിയില്‍ ബ്ലോക്കിലായിരുന്നു ബാലകൃഷണന്റെ കരുത്ത്. കെ.എസ്.ഇ.ബി നടത്തിയ ഇന്റേണ്‍ റീജണല്‍ ടൂര്‍ണമെന്റില്‍ ഒമ്പത് പേരില്‍ ഇടുക്കിയില്‍ നിന്നും ഉണ്ടായിരുന്ന മൂന്ന് പേരിൽ ബാലകൃഷ്ണനും ഉണ്ടായിരുന്നു. 1975-ല്‍ കരിങ്കുന്നത്ത് നടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ കെ.എസ്.ഇ.ബി പങ്കെടുത്തു. കെ.എസ്.ഇ.ബിയുടെ പേരില്‍ കളിക്കുന്ന ആദ്യ ടൂര്‍ണമെന്റായിരുന്നു. മാണി സി.കാപ്പന്‍, ജോണിക്കുട്ടി അഗസ്റ്റിന്‍, ബ്ലസന്റ് ജോര്‍ജ് എന്നിവര്‍ അണിനിരന്ന രാമപുരം ടീമായിരുന്നു വിജയിച്ചത്. അന്ന് മുതല്‍ മാണി സി.കാപ്പനുമായി അടുത്ത സൗഹൃദമാണ് ബാലകൃഷ്ണനുള്ളത്. 1976-ല്‍ തണ്ണീര്‍മുക്കത്ത് നടന്ന മത്സരത്തില്‍ ജിമ്മി ജോര്‍ജിന് എതിരായി ബാലകൃഷ്ണന്‍ മത്സരിച്ചിട്ടുണ്ട്.
1998-ല്‍ ജോലിയിൽ നിന്ന് വിരമിച്ച ബാലകൃഷണന്‍ ഇന്നും വോളിബോള്‍ രംഗത്ത് കൂടുതല്‍ സജീവമായി രംഗത്തുണ്ട്. സംസ്ഥാനത്തെ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല. കളിക്കാരെ സെലക്ട് ചെയ്യുന്നുമുണ്ട്. 1975-ല്‍ ആലപ്പുഴയില്‍ നടന്ന ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായിരുന്നു ബാലകൃഷ്ണന്‍. ആലപ്പുഴ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ രക്ഷാധികാരി, വൈക്കം വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ഇപ്പോൾ ബാലകൃഷ്ണന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.