ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ
എസ്. സതീഷ്കുമാർ
കോട്ടയം: വായ്പയിൽ സാധനങ്ങൾ വാങ്ങിയുണ്ടെങ്കിൽ തിരിച്ചടവ് മുടക്കാതെ ശ്രദ്ധിക്കണം. എന്നാൽ ഒരോ തവണയും തിരിച്ചടവ് മുടങ്ങിയൽ റിക്കവറിക്കാർ രംഗത്ത് വരും. ഇക്കാര്യത്തിൽ പുതിയ മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കി. പരിധി വിട്ടുള്ള വായ്പ റിക്കവറി ഇടപെടലുകൾ കുറയ്ക്കുകയാണ് ലക്ഷ്യം. ബാങ്കും റിക്കവറി ഏജന്റുമാരും വായ്പയെടുത്തവരെ ബന്ധപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ച് വായപ തുക തിരികെ പിടിക്കുന്നതിനമാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. വായ്‌പ തിരിച്ചടവിലും റിക്കവറി ഏജന്റുമാരെ നിയമിക്കുന്നതിൽ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും പാലിക്കേണ്ട ചട്ടങ്ങളാണ് മാർഗനിർദേശത്തിൽ പറയുന്നത്. ഓഗസ്റ്റ് ആറിന് പുറത്തിറങ്ങിയ നിർദ്ദേശങ്ങൾ 2027 ജനുവരി ഒന്നുമുതൽ നടപ്പിലാക്കും. വായ്പയെടുത്തയാളുടെ വ്യക്‌തിഗത ഡിജിറ്റൽ ഉപകരണങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോക്ക് ചെയ്യുന്നതിന് നിയന്ത്രണം വരും. വ്യക്തിഗത വായ്‌പ, വാഹന വായ്പ, ഭവന വായ്പ എന്നിവയിൽ തിരിച്ചടവ് മുടങ്ങിയാൽ ഫോൺ, ലാപ്ടോപ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ലോക്ക് ചെയ്യാൻ പാടില്ല എന്നതാണ് നിർദ്ദേശം. എന്നാൽ ഡിജിറ്റൽ ഉപകരണങ്ങൾക്കുള്ള കൺസ്യൂമർ വായ്‌പ മുടങ്ങിയാൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതിന് നിയന്ത്രണമുണ്ടാവില്ല. തിരിച്ചടവ് മുടങ്ങി 30 ദിവസത്തിന് ശേഷം നോട്ടീസ് നൽകി മാത്രമെ ഇത്തരം നടപടികളിലേക്ക് കടക്കാവൂ എന്നാണ് നിർദ്ദേശം. വായ്പ തിരിച്ചടവ് മുടങ്ങിയാൽ വായ്പ കരാർ പ്രകാരമുള്ള മുഴുവൻ നിയന്ത്രണങ്ങളും ഏർപ്പെടുത്താം. അപ്പോഴും ഇൻകമിങ് കോൾ, എസ്.എം.എസ്, എമർജൻസി സേവനങ്ങൾ എന്നിവ ലഭിക്കും. ഇതേ സാഹചര്യത്തിൽ വായ്‌പ തിരിച്ചടവ് ആവശ്യത്തിലേക്ക് ഫോണിലെ കോൺടാക്, ഫോട്ടോ, എസ്.എം.എസ്, കോൾ ലോഗ്, ലോക്കേഷൻ ഹിസ്റ്ററി എന്നിവ ബാങ്കുകൾക്ക് ആക്‌സസ് ചെയ്യാൻ സാധിക്കില്ല. റിക്കവറി ഏജന്റു്റുമാർക്ക് എന്തൊക്കെയാണ് ചെയ്യാനാകുന്നത് എന്നതും ആർ.ബി.ഐ വ്യക്തമാക്കുന്നുണ്ട്. ഉപഭോക്‌താക്കളുടെ സ്വകാര്യതയാണ് പരമപ്രധാനം. വായ തിരിച്ചടവിന് ആവശ്യമായ വിവരങ്ങൾ മാത്രമെ ബാങ്കുകൾ ജീവനക്കാരുമായോ ഏജൻസികളുമായോ പങ്കിടുന്നുള്ളൂ എന്ന് ഉറപ്പാക്കണം. റിക്കവറി ഏജന്റുമാർക്ക് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാനോ, വ്യക്തിപരമായ ആക്രമണങ്ങൾ നടത്താനോ, കടം വാങ്ങുന്നവരെ ഭീഷണിപ്പെടുത്താനോ പാടില്ല. പരസ്യമായി അപമാനിക്കുക, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ഭീഷണിപ്പെടുത്തുക എന്നിവ പാടില്ലെന്നും നിയമം പറയുന്നു.
Comments ()