ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
എസ്. സതീഷ്കുമാർ
കോട്ടയം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് വെള്ളം കയറിയ മേഖലകളില്‍ അഗ്‌നിരക്ഷാ സേനയുടെ കരങ്ങൾ സുരക്ഷിതരാക്കിയത് 2226 പേരെ... ദുരിതബാധിത പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സേനയുടെ പ്രവർത്തനം പ്രശംസനീയമായി. വിവിധ വകുപ്പുകളുമായി ചേർന്നുള്ള ഇടപെടൽ വന്‍ ദുരന്തം ഒഴിവാക്കാനും ദുരിതബാധിതർക്ക് വേഗത്തിൽ ആശ്വാസമെത്തിക്കാനും സഹായിച്ചു.
ജില്ലയിലെ എട്ടു ഫയർ സ്റ്റേഷനുകളിലുമായി ഓഗസ്റ്റ് ഒന്നു മുതൽ എട്ടിന് ഉച്ചവരെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് 282 ഫോൺ കോളുകളാണ് ലഭിച്ചത്. എല്ലായിടത്തും ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞതായി ജില്ലാ ഫയർ ഓഫീസർ റെനി ലൂക്കോസ് അറിയിച്ചു. ജില്ലയക്ക് പുറത്തു നിന്നുള്ളവരുൾപ്പെടെ അഞ്ഞൂറോളം സേനാംഗങ്ങളാണ് കനത്ത മഴയെ സുരക്ഷ കരങ്ങൾ നീട്ടിയത്.

വളർത്തു മൃഗങ്ങളെയടക്കം രക്ഷപടുത്തനും സേന മടി കാട്ടിയില്ല. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ നാട്ടുകാരുടെ സഹായത്തോടെയും അയർക്കുന്നത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം സ്കൂബ ടീമിന്‍റെ സഹായത്തോടെയും അഗ്നിരക്ഷാ സേന കണ്ടെത്തി. ഒറ്റപ്പെട്ട വീടുകളിലും ക്യാമ്പുകളിലുമുള്ള കിടപ്പുരോഗികളെ പരിശോധിക്കുന്നതിനും പരിചരിക്കുന്നതിനുമായി ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘത്തെ അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തിച്ചു. മരങ്ങൾ മുറിച്ചുമാറ്റാനും അഗ്നിരക്ഷാസേനയുടെ പ്രയത്നം ശ്രദ്ധേയമായി.
രക്ഷാപ്രവർത്തനത്തിനിടെ ഡിങ്കി ബോട്ടുകൾ നശിച്ചതും ഫയർ എൻജിനുകൾ കേടായതുമടക്കം ലക്ഷങ്ങളുടെ നഷ്ടവും അഗ്നി രക്ഷാ സേനയ്ക്കുണ്ടായി.
Comments ()