വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി
എസ്. സതീഷ്കുമാർ
വൈക്കം: കൃഷിയിറക്കുന്ന പാടത്തെ മോട്ടോർ കേടായതിനെ തുടർന്ന് വൈക്കം വെച്ചൂരിൽ 15 ലധികം വീടുകൾ വെള്ളത്തിലായി. അറുപത് അട്ടേത്താഴെ പാടശേഖരത്തോട് ചേർന്നുള്ള വീടുകളിലാണ് വെള്ളം കയറിയത്. ഇടയാഴം കല്ലറ റോഡ് അരികിലെ അറുപത് അട്ടേതാഴെ പാടത്തെ കർഷകർ കൃഷിക്കായി പാടം ഉഴുതൊരുക്കിയതാണ്. മഴവെള്ളം നിറഞ്ഞതോടെ പാടത്ത് വെള്ളം കയറി. പമ്പിങ് നടത്തിയിരുന്നെങ്കിൽ പാടത്തെ വെള്ളം വറ്റിക്കാൻ കഴിയുമായിരുന്നു. എന്നാൽ മോട്ടോർ കേടായതിനാൽ പണി നടന്നില്ല.
ഇതോടെ ദുരിതം പാടത്ത് മാത്രമല്ല സമീപത്തെ കുടുംബങ്ങൾക്കും ദുരിതമായി. പ്രതിസന്ധി മുന്നിൽ കണ്ട് മോട്ടോർ നന്നാക്കി പമ്പിങ് നടത്താനോ പകരം മോട്ടർ എത്തിക്കാനോ പഞ്ചായത്തോ പാടശേഖര സമിതിയോ തുനിഞ്ഞതുമില്ല. ഇതോടെ 15 അധികം കുടുംബങ്ങൾ ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിയേണ്ട സ്ഥിതിയിലുമായി. ഇതിനുമുമ്പും ഈ പാടശേഖരത്തിൽ സമാന രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായതാണ്. അന്ന് ജനപ്രതിനിധികൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു.

പ്രശ്‌നം പരിഹരിക്കുന്നതിലുണ്ടായ അനാസ്ഥ മൂലം കുടുംബങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയേണ്ടി വന്നതും മറ്റ് നാശനഷ്ടങ്ങളും മാത്രമല്ല വെള്ളമിറങ്ങുമ്പോൾ ഈ വീടുകൾക്കും വലിയ കേടുപാടുകൾ ആവും ഉണ്ടാകുന്നത്.
Comments ()