നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു
വൈക്കം: നാവിൽ അക്ഷര മാധുര്യമറിഞ്ഞും കുഞ്ഞ് വിരലുകളാൽ ആദ്യക്ഷരമെഴുതിയും അക്ഷ ലോകത്തേക്ക് ഒരു തലമുറയുടെ യാത്രക്ക് തുടക്കമിട്ട് വിദ്യാരംഭ ചടങ്ങുകൾ നടന്നു. വൈക്കത്ത് ടി.വി പുരം സരസ്വതീ ക്ഷേത്രത്തിലും മറ്റ് ക്ഷേത്രങ്ങളിലും നൂറുകണക്കിന് കുരുന്നുകളാണ് വിദ്യാരംഭത്തിന് തുടക്കമിട്ടത്. വൈക്കം ടി.വി.പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ പൂജയെടുപ്പ് കഴിഞ്ഞതോടെ പുലർച്ചെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. ഇണങ്ങിയും പിണങ്ങിയും അമ്പരപ്പിൻ്റെ കണ്ണീരണിഞ്ഞും കുരുന്നുകൾ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചു.
നാവിലെ ആദ്യാക്ഷര കുറിപ്പിൽ ചിലർക്ക് ചെറിയ പിണക്കം മറ്റു ചിലർ അലറികരഞ്ഞു ചിലരാകട്ടെ ഞനെത്ര കണ്ടതാ എന്ന ഭാവം ചിലർ മാതാപിതാക്കളുടെ മടിയിൽ സ്ഥാനം പിടിച്ചുമാണ് അക്ഷരകൂട്ടുപിടിച്ചത്. സരസ്വതീഷേത്ര മേൽശാന്തി സിജു പവിത്രനും മഹേഷ് ശാന്തിയും ആചാര്യ സ്ഥാനത്ത്, നൂറിലധികം കുരുന്നുകൾക്ക് നാവിലും വിരലിലും സരസ്വതീ വിളയാട്ടം പകർന്നപ്പോൾ പ്രാർത്ഥനയോടെ മാതാപിതാക്കളും ക്ഷേത്രമുറ്റത്ത് അക്ഷരമെഴുതി. ദേവസ്വം ബോർഡിന് കീഴിലുള്ള ഏക സ്വയംഭൂ സരസ്വതി ക്ഷേത്രമാണ് ടി.വി. പുരം സരസ്വതി ക്ഷേത്രം.

ഹംസാരൂഢയായ സരസ്വതി സ്വയം ഭൂവായി കുടികൊള്ളുന്നതിനാൽ വിദ്യാരംഭം ദിനത്തിൽ നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. തെക്കേ നട വടക്കുംകൂർ മൂകാംബികാ ക്ഷേത്രത്തിലും തിരക്കായിരുന്നു. 27കുരുന്നുകൾ ഇവിടെ അക്ഷരത്തെ കൂട്ടുപിടിച്ചപ്പോൾ നാൽവർ സംഘവും മേളത്തിൻ്റെ ലോകത്തേക്ക് കാൽവച്ച് ദേവിക്ക് മുന്നിൽ ആദ്യ മേളം മുഴക്കി. വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമടക്കം നിരവധി പേരാണ് അക്ഷര കലാ ലോകത്തേക്കുള്ള വിദ്യക്ക് തുടക്കം കുറിക്കാനെത്തിയത്. വൈക്കം മഹാദേവക്ഷേത്രത്തിലും ഇന്ന് ഭക്തജന തിരക്കുണ്ടായിരുന്നു.

Comments ()