പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ ബസ് ജീവനക്കാർ
തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ സൗജന്യ യാത്രയൊരുക്കിയ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല സമരം. തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നിലാണ് ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാർ സമരം തുടങ്ങിയത്. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളാണ് നിരാഹാര സമരം നടത്തുന്നത്. പ്രിയദർശിനി പദ്ധതി ഉപജീവനമാർഗം ഇല്ലാതാക്കി എന്നാണ് പരാതി. ഗതാഗത മന്ത്രിയെ കണ്ടിട്ടും പരിഹാരമുണ്ടായില്ലെന്നാണ് ബസ്സുടമകളുടെ പരാതി. സ്വകാര്യ ബസ് ജീവനക്കാരുടെ 60,000 കുടുംബങ്ങൾ ദുരിതത്തിലായെന്നും സർവീസുകൾ നിർത്തലാക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ഇവർ പറയുന്നു.

തങ്ങളുടെ കുടുംബത്തിലും സ്ത്രീകളുണ്ട് അവർക്കും ജീവിക്കണമെന്നും തൽക്കാലം സർവീസ് മുടക്കിയുള്ള സമരത്തിനില്ലെന്നും സമരക്കാർ അറിയിച്ചു. യാത്രക്കാർ പൂർണമായും സ്വകാര്യ ബസുകളെ ഉപേക്ഷിക്കുകയാണ്. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ഉൾപ്പെടെ സർക്കാർ പരിഗണിക്കുന്നില്ലെന്നും ബസ് ഉടമകൾ പറയുന്നു.
Comments ()