ഗാർഹിക പൈപ്പ് ലൈനിൽ നിന്ന് കെ.ആർ.എല്ലിലേക്ക് കുടിവെള്ളം നൽകുന്നതിനെതിരെ ജനരോഷം
വൈക്കം: വെള്ളൂരിലെ കേരള റബർ ലിമിറ്റഡിലേക്ക് വീടുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ള പൈപ്പ് ലൈൻ വഴി വെള്ളം നൽകിയതിൽ പ്രതിഷേധം ശക്തമാവുന്നു. ജനകീയ പ്രതിഷേധം വകവയ്ക്കാതെ കെ.ആർ.എല്ലിലേക്ക് കുടിവെള്ള പൈപ്പിൽ നിന്നും ലൈൻ വലിച്ചതിൽ സി.പി.എം വെള്ളൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത് എത്തി. വെള്ളൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലേയും അഞ്ചാം വാർഡിലേയും വീടുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കേയാണ് ഈ പൈപ്പുകളിൽ നിന്ന് കെ.ആർ.എല്ലിന് കണക്ഷൻ നൽകിയതാണ് പ്രതിഷേധം ശക്തമാവാൻ കാരണം. വീടുകളിലേക്കുള കുടിവെള്ള പൈപ്പ് ലൈനിൽ നിന്ന് വ്യാവസായികാവശ്യത്തിന് കണക്ഷൻ നൽകരുതെന്ന് പ്രദേശവാസികൾ നിരന്തരം പരാതികളും പ്രതിഷേധങ്ങളും അറിയിച്ചിരുന്നു. വെള്ളൂർ ഗ്രാമപഞ്ചായത്ത് ഐകണ്ഠേന പ്രമേയം പാസാക്കി നൽകുകയും ചെയ്തു. എന്നാൽ കെ.ആർ.എല്ലിലേക്ക് സർവ്വിസ് ലൈനിൽ നിന്ന് വലിയ വ്യാസമുള്ള പൈപ്പുപയോഗിച്ച് കണക്ഷൻ നൽകിയതാണ് ജനരോഷമുയരാൻ ഇടയാക്കിയത്. പ്രദേശവാസികൾക്ക് ഭാവിയിൽ കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. നിരവധി വ്യവസായ പദ്ധതികൾക്ക് തുടങ്ങുന്ന കേരള റബർ ലിമിറ്റഡിൽ വലിയ തോതിൽ വെള്ളം ആവശ്യമായി വരും. അതുകൊണ്ട് തന്നെ പമ്പിങ് ലൈനിൽ നിന്ന് നേരിട്ട് നൽകി പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന സ്ഥിതി ഒഴിവാക്കണം എന്നാണ് ആവശ്യം. നിലവിൽ ഗാർഹിക ആവശ്യത്തിനുള്ള ലൈനിൽ നിന്ന് പ്രദേശത്തെ വീടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം കിട്ടുന്നത് ഇത് കൂടി ഇല്ലാതാകും എന്നതാണ് സ്ഥിതി. പമ്പിങ്ങ് ലൈനിൽ നിന്ന് നേരിട്ട് വെള്ളം നൽകാമെന്നിരിക്കെ ഗാർഹിക ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വെള്ളൂർ ലോക്കൽ കമ്മറ്റി യുടെ നേതൃത്വത്തിലാണ് ഇന്നലെ പ്രതിഷേധം നടന്നത്. വാട്ടർ അതോറിറ്റിയുടെ തെറ്റായ നടപടിക്കെതിരെ നടത്തിയ സമരത്തിൽ സി.പി.എം ലോക്കൽ സെക്രടറി എ.കെ രജീഷ്, ഏരിയ കമ്മറ്റി അംഗം വി.എൻ ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യുസഫ്, വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ ടി.വി ബേബി, സി.പി.എം ലോക്കൽ കമ്മറ്റി അംഗങ്ങളായ സി.എം രാധാകൃഷ്ണൻ, ടി.വി രാജൻ, ആർ. നികിതകുമാർ, പി.ആർ രതീഷ്കുമാർ, പി.എം അമൽ, വി.എ ഷാഹിം, പി.ആർ ദിലീഷ് എന്നിവർ നേതൃത്വം നൽകി.
Comments ()