കൃഷിയെ ജീവിതമാക്കി 78 കാരിയായ ഓമന
വൈക്കം: ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ സ്ത്രീകൾ വഹിക്കുന്ന നിർണ്ണായക പങ്കിനെ എടുത്തു കാണിക്കുന്നതിനും വേണ്ടി ഐക്യരാഷ്ടസഭ 2026 വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഉദയനാപുരം ഗ്രാമ പഞ്ചായത്ത് ഇടിവേലി ഓമനയെ മാതൃകാ വനിതാ കർഷകയായി പ്രഖ്യാപിച്ചു.

കർഷക ദിനത്തിലായിരുന്നു കെ. ബിനിമോൻ എം.എൽ.എ. ഓമനയെ പഞ്ചായത്തിലെ മാതൃക കർഷകയായി പ്രഖ്യാപിച്ചത്. 13-ാം വയസ്സിൽ മാതാപിതാക്കളോടൊപ്പം കൃഷി ചെയ്യുന്നതിന് പാടത്തേക്ക് ഇറങ്ങിയ ഓമന 78 -ാം വയസ്സിലും വിശ്രമമില്ലാതേ കൃഷിയിടത്തിലുണ്ട്. മാനാപ്പള്ളി പാടശേഖരത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്ന ഓമന നിലം ഒരുക്കുന്നതു മുതൽ കൊയ്ത് നെല്ല് കയറ്റി വിടുന്നതുവരെയുള്ള മുഴുവൻ ജോലികളും ചെയ്യുന്നതിന് മുന്നിലുണ്ട്. ഓമനയുടെ ഈ പ്രവർത്തനമാണ് ഈ പഞ്ചായത്തിൻ്റെ അംഗീകാരത്തിന് അർഹയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു പറഞ്ഞു.
Comments ()