നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്ക് തൂക്കുകയർ
എസ്. സതീഷ്കുമാർ
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ. 20 ലക്ഷം രൂപ പിഴയും വിധിച്ചു. വിചാരണ കോടതിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവ്വം എന്നും കോടതി. പാലക്കാട് ജില്ല അഡീഷണൽ സെഷൻ കോടതിയുടേതാണ് വിധി. കൊല്ലപ്പെട്ട സുധാകരന്റെ രണ്ട് പെൺകുട്ടികൾക്ക് ചെന്താമര ഭീഷണിയാണെന്നും ചെന്താമരയ്ക്ക് മാനസിക പ്രശ്നമില്ലെന്നും കോടതി വിധി പ്രസ്താവിക്കുന്നതിനിടെ പറഞ്ഞു. ഞാൻ ഗാന്ധി അല്ല വന്നാൽ തിരിച്ചു അടിക്കും, അവനവനു വന്നാലേ അറിയൂ എന്നിങ്ങനെ ശിക്ഷ അറിഞ്ഞ ശേഷം പ്രതി പറഞ്ഞതെല്ലാം വിധിയിൽ കോടതി പരാമർശിച്ചു. ജില്ലാ നിയമ സഹായ വേദിയുടെ റിപ്പോർട്ടിൻ മേലുള്ള വാദങ്ങളും കോടതി ചൂണ്ടിക്കാട്ടി.

പോത്തുണ്ടി ബോയൻ നഗറിലെ സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2019ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയായ സജിതയുടെ കേസും കോടതി പരാമർശിച്ചു. പ്രതിക്ക് മാനസാന്തരത്തിന് സാധ്യത കാണുന്നില്ലെന്ന് ജഡ്‌ജി പരാമർശിച്ചു. കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായ സാക്ഷി മൊഴികളുണ്ട്. കൊലപാതകം പ്രതി തുടർച്ചയായി ന്യായികരിക്കുന്നു എന്ന് ജഡ്ജി പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ചെന്താമര വിഷം കഴിച്ചു എന്നതിന് തെളിവ് ഇല്ല. ആത്മഹത്യ തീയറിക്ക് തെളിവില്ലെന്നും കോടതി പറഞ്ഞു. കേരളത്തിലെ കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുന്നു. ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നു. ക്രൂരമായ കൊലപാതകങ്ങൾ നടക്കുന്നു. കേസ് അപൂർവത്തിൽ അപൂർവം എന്നാണ് കോടതി പറയുന്നത്. പിഴതുക സുധാകരൻ്റെ രണ്ട് പെൺമക്കൾക്ക് നൽകാനുമാണ് വിധി.
Comments ()