മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി
എസ്. സതീഷ്കുമാർ
തലയോലപ്പറമ്പ്: ഇടവട്ടത്ത് ഇല്ലത്ത് അതിപുരാതന വസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രധാന പ്രതി കോടതിയിൽ ഹാജരായി. 30 കാരനായ തലയോലപ്പറമ്പ് കിഴക്കേപുറം നടുതുരുത്ത് വിഷ്ണു തിലകനാണ് വൈക്കം കോടതിയിൽ കീഴടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാൾ പോലീസിന്റെ കണ്ണ് വെട്ടിച്ച്കോടതിയിൽ ഹാജരായത്. ഇയാളെ റിമാൻഡ് ചെയ്തു. ഇനി കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്യും. 2022ൽ തലയോലപ്പറമ്പിൽ വയോധികയെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. തലയോലപ്പറമ്പിൽ ഇയാൾക്കെതിരെ അഞ്ചു കേസുകളും വൈക്കത്ത് രണ്ട് കേസും കടുത്തുരുത്തി എക്സൈസിൽ ഒരു കേസും ഉണ്ട്. ഇല്ലത്തെ മോഷണക്കേസിൽ ഇയാൾക്കൊപ്പം കേസിൽ രണ്ടു പ്രതികൾ കൂടിയുണ്ട്. തലയോലപ്പറമ്പിലെ ഒരു ആക്രിക്കടയിൽ നിന്ന് മോഷണം പോയ അതിപുരാതന വിഗ്രഹം ഒഴിച്ച് ബാക്കിയുള്ള വിളക്കുകളും ഉരുളികളും അടക്കമുള്ള പുരാതന സാധനങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.

പോലീസിന് പ്രതികളെ പറ്റി വ്യക്തമായ സൂചനയും ലഭിച്ചിരുന്നു. ഒളിവിൽ പോയ പ്രതികളെ പോലീസ് തിരഞ്ഞു കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് പ്രധാന പ്രതി കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടു കൂടി പുരാതന വിഗ്രഹത്തിന്റെ വിവരങ്ങൾ കിട്ടും എന്ന പ്രതീക്ഷയിലാണ് പോലീസ്.
Comments ()