പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് 2026 വൈക്കം സ്വദേശിയായ സണ്ണി മാന്ദംകരിക്ക്
തിരുവനന്തപുരം: പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് 2026 വൈക്കം സ്വദേശിയായ സണ്ണി മാന്ദംകരിക്ക്. മലയാള സാഹിത്യത്തിനും മലയാള ഗാനശാഖയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രിയ കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് 2026-ലെ സ്പെഷ്യൽ ജൂറി അവാർഡിന് വൈക്കം സ്വദേശിയായ കലാകാരൻ സണ്ണി മാന്ദംകരി അർഹനായി. പൂവച്ചൽ ഖാദർ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ, ജൂൺ 22-ന് തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അവാർഡ് വിതരണം നടന്നത്.

സിനിമാ-സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന സണ്ണി മാന്ദംകരിക്ക്, മഴവിൽ മനോരമയിലെ ബാലനും രമയും എന്ന സീരിയലിൽ പഞ്ചായത്ത് സെക്രട്ടറിയായി അവതരിപ്പിച്ച കഥാപാത്രത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. കൂടാതെ മുപ്പതോളം സിനിമകളിലും പതിനഞ്ചിലധികം സീരിയലുകളിലും വിവിധ പരിശീലന ചിത്രങ്ങളിലും ഹരിത കർമ്മ സേനയുടെ പരസ്യചിത്രത്തിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ചടങ്ങിൽ മുൻ എം.എൽ.എ ശരത് ചന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് എ. പി. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജനപ്രതിനിധികളും കലാകാരന്മാരും പങ്കെടുത്ത ചടങ്ങിൽ നടനും നിർമ്മാതാവുമായ ബാദുഷയുടെ കൈകളിൽ നിന്ന് സണ്ണി മാന്ദംകരി അവാർഡ് ഏറ്റുവാങ്ങി.
വൈക്കത്തിന്റെ കലാരംഗത്തിന് അഭിമാനമായി മാറിയ ഈ പുരസ്കാരം, സണ്ണി മാന്ദംകരിയുടെ കലാജീവിതത്തിലെ മറ്റൊരു സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
Comments ()