സർഗ്ഗവാസനകൾ പൂത്തുലഞ്ഞു; പെൻഷനേഴ്സ് കലോത്സവത്തിൽ മാറ്റുരച്ച് വിരമിച്ച ജീവനക്കാർ
തലയോലപ്പറമ്പ്: കേരള സ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് കലോത്സവം തലയോലപറമ്പിൽ നടന്നു. ജോലിയിൽ നിന്ന് വിരമിക്കുന്നതോടെ യുവത്വം വീണ്ടെടുക്കുകയാണെന്ന് തെളിയിക്കുന്നത് ആയിരുന്നു ഈ കലോത്സവം. പാട്ടുകളും തിരുവാതിരയും നാടോടി നൃത്തവും ചിത്രരചനയും ഒക്കെയായി ജോലിയിൽ നിന്ന് വിരമിച്ചവരുടെ കലോത്സവം അരങ്ങ് നിറഞ്ഞാടി. സർഗ മാധുരി 2026വേദിയാണ്, ജോലിയിൽ നിന്ന് വിരമിച്ചവർ തങ്ങളുടെ സർഗ്ഗവാസനകളിൽ സമ്പന്നമാക്കിയത്.
യൂണിയൻ്റെ ഏഴു യൂണിറ്റിൽ നിന്നായി 60 പേരാണ് ചലച്ചിത്രഗാനം, ലളിതഗാനം, കവിതാ പാരായണം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, നാടൻ പാട്ട്, ശാസ്ത്രീയ സംഗീതം, തിരുവാതിര തുടങ്ങി18 ഇനങ്ങളിൽ പങ്കെടുത്തത്. സ്റ്റേജ് ഇനങ്ങൾക്ക് പുറമെ കഥാരചന, ചിത്രരചന, ഉപന്യാസം തുടങ്ങിയ ഇനങ്ങളിലും ഒഴിവുകൊടുത്ത കഴിവുകളുമായി ജോലിയിലെ വിശ്രമ ജീവിതക്കാർ ശ്രദ്ധേയമായി. തലയോലപറമ്പ് ഗവൺമെൻ്റ് ബഷീർ സ്മാരക യു.പി സ്കൂളിൽ നടന്ന സർഗ മാധുരിക്ക് ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസൻ ജോസഫെന്ന ചിത്രത്തിൽ രചിച്ച പൂമുത്തോളെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് തുടക്കമിട്ടു. കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി കിട്ടിയാൽ കുടുംബത്തിന്റെ ജീവിതാവസ്ഥ തന്നെ മാറുമെന്ന് അജീഷ് ദാസൻ സാക്ഷ്യം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൻ ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ് കെ.കെ. സച്ചിതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.കെ. ഗോപി, എം.എസ്. സുകുമാരൻ, ബ്ലോക്ക് സെക്രട്ടറി എ. പത്രോസ്, സാംസ്കാരിക വേദി കൺവീനർ സാബു ഐസക്ക്, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി ടി. വാസപ്പൻ, ട്രഷറർ കെ.ടി. പവിത്രൻ, ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ മാലതി ദാമോദരൻ തുടങ്ങിയവരും പങ്കെടുത്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം ജില്ലാ സെക്രട്ടറി യു ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ ഗോപി, ജില്ലാ കമ്മറ്റി അംഗം എം.എസ് സുകുമാരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കുഴിവേലി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി. വാസപ്പൻ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
Comments ()