മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ
എസ്. സതീഷ്കുമാർ
വൈക്കം: തലയോലപ്പറമ്പുകാരായ രണ്ട് വ്യക്തിത്വങ്ങളെ കുറിച്ച് പത്രപ്രവർത്തകനായിരുന്ന സണ്ണി ചെറിയാൻ സോഷ്യൽ മീഡിയയിൽ എഴുതിയത് ശ്രദ്ധേയമാവുകയാണ്. ആരും ഓർക്കാൻ തയ്യാറാകാത്ത ദുഃഖം പങ്കുവച്ചാണ് സണ്ണി ചെറിയാൻ്റെ ഈ കുറിപ്പ്. 'അതിർത്തി ഗാന്ധി 'യുടെ അരുമയായ തലയോലപ്പറമ്പുകാരൻ എന്ന തലകുറിപ്പോടെ സണ്ണി ചെറിയാൻ നമ്മോട് പറഞ്ഞത് ഇങ്ങനെ വായിക്കാം.

പ്രഭാഷണത്തിലൂടെ അതിർത്തിഗാന്ധി ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ പ്രശംസ പിടിച്ചു പറ്റിയ ഒരാൾ കാലങ്ങൾക്ക് മുൻപ് തലയോലപ്പറമ്പിൽ ജീവിച്ചിരുന്നു.
മത സൗഹാർദ്ദം നിലനിർത്താൻ 1970ൽ അതിർത്തി ഗാന്ധിയുടെ നിർദ്ദേശപ്രകാരം ജയപ്രകാശ് നാരായണൻ സംഘടിപ്പിച്ച "ഇൻ സാനി ബിരാദി രഖുദായ് കിത് മത് ഘർ "എന്ന പ്രസ്ഥാനത്തിന്റെ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തത് വൈക്കം ഷംസുദീൻ എന്ന തലയോലപ്പറമ്പുകാരനായിരുന്നു. സാമൂഹിക സംഘടനകൾ വഴിയേ മത സൗഹാർദ്ദം സാധ്യമാകൂ എന്ന് ഉദ്ബോധിപ്പിച്ച ഷംസുദീനെ യോഗ ശേഷം അതിർത്തി ഗാന്ധി തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. കേരളത്തിലെ ഭാരത് സേവക് സമാജിന്റെ അമരക്കാരനായിരുന്ന വൈക്കം ഷംസുദീൻ കേരളത്തിലെ പദ്ധതി പ്രവർത്തനങ്ങൾ വിജയകരമായി നടത്തിയതിനു 1962ൽ അന്ന് കേന്ദ്ര മന്ത്രിയായിരുന്ന മോറാർജി ദേശായിയിൽ നിന്ന് അവാർഡ് വാങ്ങി തലയോലപ്പറമ്പിന്റെ ഗരിമ ഇന്ദ്രപ്രസ്ഥത്തിൽ വരെ എത്തിച്ചിരുന്നു.

ഹോമിയോ വിദ്യാർത്ഥി ആയിരുന്നപ്പോൾ 1956ൽ ഡൽഹിയിൽ നടന്ന ആറു മാസം നീണ്ടു നിന്ന സാമൂഹിക പരിശീലന ക്യാമ്പാണ് മുഴുവൻ സമയ സാമൂഹിക പ്രവർത്തകനാക്കിയത്. മൂന്ന് വർഷക്കാലം ഏറനാട് താലൂക്കിൽ പ്രവർത്തിച്ച് നിസ്വരും, നിരാലംബരുമായ ആയിരങ്ങൾക്ക് പ്രത്യാശയേകി. തുടർന്ന് 150ഓളം ശിശു വിദ്യാലയങ്ങൾക്ക് രൂപം കൊടുത്തു. അമേരിക്കൻ സംഘടനയായ സി.ആർ.എസിലൂടെ കുഞ്ഞുങ്ങളുടെ വിശപ്പിന്റെ വിളി കെടുത്തി. എന്നാൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാനിധ്യമായിരുന്ന അദ്ദേഹത്തിന് മരണശേഷം ജന്മനാട് ഉചിതമായ സ്മരണാഞ്ജലി ഇതുവരെ നൽകിയിട്ടില്ല. ടി.പി ആനന്ദവല്ലി, പി.ജി തങ്കമ്മ എന്നിവർ അദ്ദേഹത്തിന്റെ കർമ്മമേഖലകളുടെ പിന്തുടർച്ചക്കാരായി നിന്നത് മൂലം പ്രസ്ഥാനം അന്യമായില്ല. വൈക്കം ഷംസുദീന്റെ പത്നിയായിരുന്ന റഷീദാബീവി ഷംസുദീൻ 1996ൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അക്കാലത്ത് തയാറാക്കിയ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനരേഖ എടുത്തു പറയേണ്ടതാണ്. വൈക്കം ഷംസുദീൻ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാനിധ്യമായിരുന്നെങ്കിൽ എഴുത്തുകാരനും, മാധ്യമ പ്രവർത്തകനും പ്രഭാഷകനുമായിരുന്ന ഒരാൾ കൂടി ഈ ഗ്രാമത്തിൽ ജീവിച്ചിരുന്നു. എളിമയുടെ പര്യായമായിരുന്ന സേവ്യർ പ്ലാങ്കാല. 1952ൽ പ്രസിദ്ധികരണം ആരംഭിച്ച കുട്ടികളുടെ ദീപികയിലെ എഴുത്തുകാരനെന്ന നിലയിൽ ഏറെ വായിക്കപ്പെട്ടിരുന്നെങ്കിലും സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ സേവ്യർ പ്ലാങ്കാലയുടെ പ്രഭാഷണം കേൾക്കാനുള്ള ഒരവസരം ലഭിച്ചു. 52ദിവസങ്ങളായി നടന്നു വന്ന സ്വകാര്യ കോളേജ് സമരം ഒത്തു തീർപ്പായപ്പോൾ 1972 ഓഗസ്റ് 20ന് തലയോലപ്പറമ്പിൽ വിപുലമായ സമ്മേളനം നടന്നു.

മുഖ്യമന്ത്രി സി. അച്യുതമേനോനാണ്. സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയും. കെ. എം ജോർജ് എം.എൽഎ, കെ. ശങ്കരനാരായണൻ, ആനി തയ്യിൽ, റോസമ്മ ചാക്കോ എന്നിവരായിരുന്നു തലയോലപ്പറമ്പിൽ പ്രസംഗിച്ചത്. സേവ്യർ പ്ലാങ്കാല അദ്ധ്യക്ഷനും. അന്ന് അഴിക്കോടും, പ്രൊഫ. എം.പി മന്മഥൻസാറുമാണ് എനിക്കേറെ ഇഷ്ടപെട്ട പ്രഭാഷകർ. എന്നാൽ കുട്ടികൾക്ക് പോലും മനസിലാകുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. മരണശേഷം സേവ്യർ പ്ലാങ്കാലയും വിസ്‌മൃതനായി.
വൈക്കം മുഹമ്മദ് ബഷീർ, എ.ജെ. ജോൺ, കെ.ആർ നാരായണൻ എന്നീ തലയോലപ്പറമ്പിലെ മഹത് വ്യക്തിത്വങ്ങളെ നാം സ്മരിക്കുമ്പോൾ ഷംസുദീനും, പ്ലാങ്കാലയുമൊക്കെ മറവിയുടെ മാറാലയിൽ ഒളിച്ചതിൽ ഏറെ ദുഃഖം.
Comments ()