തലയോലപ്പറമ്പിൽ ശ്രീകൃഷ്ണജയന്തി മഹാശോഭായാത്ര
തലയോലപ്പറമ്പ്: മഞ്ഞപ്പട്ടുടയാടകളും തലയിൽ മയിൽപ്പീലിയും ചൂടിയ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയ്ക്ക് തലയോലപ്പറമ്പ് ഒരുങ്ങി. പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭായാത്രകൾ ഒന്നിച്ചുചേരുന്നതോടെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വൈകുന്നേരം തലയോലപ്പറമ്പ് നഗരവീഥികൾ ഭക്തിസാന്ദ്രമായ അമ്പാടിയായി മാറും. വൈകിട്ട് നാലിന്
മാത്താനം ദേവി ക്ഷേത്രം, തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൂതപുരം കൊട്ടാരം ദേവീക്ഷേത്രം, സിംല ജംഗ്ഷൻ നാഗയക്ഷി ക്ഷേത്രം, പാലാംകടവ് ചിറ്റേഴുത്ത് ഭഗവതി ക്ഷേത്രം,
ചതലയോലപ്പറമ്പ് കാർത്ത്യായനി ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ തലയോലപ്പറമ്പ് പള്ളിക്കവലയിൽ സംഗമിക്കും. തുടർന്ന് മഹാശോഭായാത്രയായി വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തി തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ സമാപിക്കും.
മറവൻതുരുത്ത് ശ്രീകൃഷ്ണൻ തൃക്കോവിൽ ക്ഷേത്രത്തിൽ ഭാഗവത പാരായണം ആരംഭിച്ചു. ഏനാദി എം.കെ രവീന്ദ്രൻ, ഗിരിജ രഘു മാമ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് പാരായണം.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മണിയശ്ശേരി വൈഷ്ണവ ഗന്ധർവ്വ സ്വാമിക്ഷേത്രത്തിൽനിന്നും വൈകിട്ട് നാലിന് ആരംഭിക്കുന്ന ശോഭാ യാത്ര ശ്രീകൃഷ്ണൻ തൃക്കോവിൽ ക്ഷേത്രത്തിൽ എത്തിച്ചേരും. തൃക്കാരായിക്കുളം മഹാദേവ ക്ഷേത്രത്തിൽ നിന്നും വൈകിട്ട് ആരംഭിക്കുന്ന ശോഭ യാത്ര പൊതി മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേരും.
മിഠായിക്കുന്നം പുണ്ഡരീകപുരം മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നുംഅയ്യൻകോവിൽ ക്ഷേത്രത്തിലേക്കുള്ള ശോഭ യാത്ര വൈകിട്ട് 5.30ന് ആരംഭിക്കും.
വെള്ളൂർ ആറാട്ട് മണപ്പുറത്ത് നിന്ന് വൈകിട്ട് ആരംഭിക്കുന്ന ശോഭയാത്ര വാമനസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും.
Comments ()