യു.ഡി.എഫ്.- എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി
എറണാകുളം: ഇന്ദിര ഗ്യാരൻ്റിയുമായി യു.ഡി.എഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി പുറത്തിറക്കി. കേരളം ജയിക്കും യു.ഡി.എഫ് നയിക്കും എന്നതാണ് യു.ഡി.എഫ് മുദ്രാവാക്യം. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്‌പ 5 ലക്ഷം, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവ പ്രകട പത്രികയിലുണ്ട്. പ്രകടനപത്രിക വാഗ്ദാനം കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക എംപവറിങ് കമ്മറ്റി രൂപീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. വികസനം, എം.എസ്.എം.ഇ സംരംഭങ്ങൾ, ജോബ് വാച്ച് ടവർ, വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി തുടങ്ങിയ യു.ഡി.എഫിന്റെ സ്വപ്ന പദ്ധതികളിലുണ്ട്.
വിശ്വാസ സംരക്ഷണത്തിനായി നിയമം പാസാക്കും. അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെ.ആർ. നാരായണൻ സ്കോളർഷിപ്, ലോൺ സ്കോളർഷിപ് എന്നിവ ലഭ്യമാക്കും. അങ്കണവാടികളിലെ കുട്ടികൾക്ക് ത്രൈമാസ മെഡിക്കൽ ചെക്കപ്പ് നടപ്പാക്കും. ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും. സംസ്‌ഥാനത്ത് ബി.പി.എൽ കുടുംബങ്ങളിലെ രോഗികൾക്കുള്ള ഡയാലിസിസ് സൗജന്യമാക്കും. ഡയാലിസിസ് രോഗികൾക്കുള്ള തുടർചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. പാചക തൊഴിലാളികൾക്ക് ഓണറേറിയം കൂട്ടും. യുവാക്കൾക്ക് കുടുംബശ്രീ പോലെ യുവശ്രീ. കമ്യൂണിറ്റി കിച്ചൻ വിപുലീകരിക്കും. ഓൺലൈൻ ടാക്സി സംവിധാനങ്ങളുടെ പ്രശ്‌നങ്ങൾ പഠിച്ച് പ്രശ്‌നപരിഹാരം, കസ്റ്റമർ കെയർ 24 x 7 ആക്കും. സർക്കാർ ആശുപത്രികളിൽ രോഗികൾ നിലത്തു കിടക്കേണ്ട അവസ്‌ഥയുണ്ടാകില്ല. ഇതിനായി സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കും. കേരളത്തെ ഒരു ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷൻ ആക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. എല്ലാ പഞ്ചായത്തിലും അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുലൻസ് എത്തുന്ന രീതിയിൽ ആംബുലൻസ് വിന്യാസം നടത്തും. പബ്ലിക് ഹെൽത്ത് കേഡർ സമ്പൂർണമായി നടപ്പാക്കും. പോണ്ടിച്ചേരിയിലെ ജിപ്‌മർ മാതൃകയിൽ നോ ബിൽ (ബിൽ രഹിത) ആശുപത്രികൾ സ്‌ഥാപിക്കും. കേരളത്തിൽ മൊബൈൽ കീമോതെറാപ്പി യൂണിറ്റുകൾ സ്ഥാപിക്കും.
എൽ.ഡി.എഫ് പ്രകടന പത്രിക

60 ഇന പരിപാടികൾ ഉൾക്കൊള്ളിച്ചതാണ് എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രിക.
പ്രകടന പത്രികയിൽ നിന്ന്
ക്ഷേമ പെൻഷൻ 3000 ആക്കും. കേരളത്തിൽ പഠിച്ചാൽ ജോലി നൽകും. ലോകോത്തര ഉന്നത വിദ്യാഭ്യാസം. തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങൾ പ്രതിരോധിക്കും. 5 ലക്ഷം കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റും. 60,000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്‌സ്മെന്റ്. കിടപ്പുരോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ. വ്യവസായ ടൗൺഷിപ്പ് അതോറിറ്റിക്ക് രൂപം നൽകും. കേവല ദാരിദ്ര്യം നിർമാർജനം ചെയ്യും. നൈപുണ്യ സർവകലാശാല ആരംഭിക്കും. അതിവേഗ തെക്കു വടക്ക് റെയിൽപാതയ്ക്ക് വേണ്ടി പരിശ്രമം തുടരും. കെ.എസ്.ആർ.ടി.സി പ്രവർത്തനം ലാഭത്തിലാക്കും. മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാൻ നടപടി. ആശമാരുടെ ഓണറേറിയം വർധിപ്പിക്കും.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ